നെടുംകണ്ടം: ജോലിത്തിരക്കുകൾക്കിടയിലോ ദീർഘദൂര യാത്രകളിലോ ക്ഷീണമകറ്റാൻ കൊതിപ്പിക്കുന്നൊരു കാപ്പി കുടിക്കാൻ തോന്നിയാൽ ഇനി പൊടിയും പഞ്ചസാരയും തിരഞ്ഞ് സമയം കളയേണ്ടതില്ല; അടുക്കളയിലോ ചായക്കടയിലോ കയറാതെ തന്നെ ചൂടുള്ള കാപ്പി ഞൊടിയിടയിൽ സ്വന്തമായി തയ്യാറാക്കാം. ഈ ലളിതമായ ആവശ്യത്തിന് തികച്ചും നൂതനമായൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹൈറേഞ്ചിൽ നിന്നൊരു വനിതാ സംരംഭക. ഇടുക്കി നെടുങ്കണ്ടം ചേമ്പളം കടുക്കപ്പാറ സ്വദേശിനിയായ സുനി ത്രദീപ് കുടുംബശ്രീയുടെ പിന്തുണയോടെ വിപണിയിലെത്തിച്ച ‘കോഫി ക്യൂബ്’ ആണ് ഇപ്പോൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഒരു ഫ്ലാസ്കിൽ ചൂടുവെള്ളമോ തിളപ്പിച്ച പാലോ കയ്യിൽ കരുതിയാൽ മാത്രം മതി. ഒരു ഗ്ലാസിലേക്ക് പാലോ വെള്ളമോ പകർന്ന് ഒരു കോഫി ക്യൂബ് അതിലേക്ക് ഇട്ട് ഒന്ന് ഇളക്കിയാൽ മാത്രം മതിയാകും. കാപ്പിയുടെ യഥാർത്ഥ കടുപ്പവും ആവശ്യത്തിന് മധുരവും കൃത്യമായ അളവിൽ ചേർന്ന സ്വാദിഷ്ടമായ കാപ്പി നിമിഷങ്ങൾക്കകം കുടിക്കാൻ തയ്യാറാകും.
ഗുണനിലവാരമുള്ള കാപ്പിയും പഞ്ചസാരയും കൃത്യമായ ശാസ്ത്രീയ അനുപാതത്തിൽ സമന്വയിപ്പിച്ച് പ്രത്യേക ഡ്രൈയിംഗ് സാങ്കേതികവിദ്യയിലൂടെ ഉണക്കിയെടുത്താണ് സുനി ഈ കോഫി ക്യൂബുകൾ തയ്യാറാക്കുന്നത്. കുടുംബശ്രീ മിഷന്റെ സാങ്കേതിക മേൽനോട്ടത്തിലും വിപണന പിന്തുണയിലുമാണ് ഉൽപ്പന്നത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് കൂൺ കൃഷിയിലൂടെയാണ് സുനി സംരംഭകത്വത്തിലേക്ക് ആദ്യമായി ചുവടുവെച്ചത്. കൂണിനൊപ്പം വീടുകളിൽ ആവശ്യമുള്ള കാപ്പിപ്പൊടിയും മല്ലിപ്പൊടിയുമെല്ലാം ഇവർ തയ്യാറാക്കി വിറ്റിരുന്നു. എന്നാൽ കൂണിന് പ്രാദേശികമായി സ്ഥിരവിപണി ഉറപ്പാക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഹൈറേഞ്ചിന്റെ തനത് വിളയായ കാപ്പിയുടെ മൂല്യവർദ്ധിത സാധ്യതകളെക്കുറിച്ച് സുനി ചിന്തിക്കുന്നത്. ഈ ആലോചന ഒടുവിൽ എത്തിയത് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന 'കോഫി ക്യൂബ്' എന്ന ആശയത്തിലാണ്.
ഒരു പാക്കറ്റിൽ പത്ത് കോഫി ക്യൂബുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈർപ്പമോ കാറ്റോ തട്ടാത്ത വിധത്തിൽ ഓരോ ക്യൂബും അതീവ സുരക്ഷിതമായി പ്രത്യേകം എയർടൈറ്റ് പാക്കിംഗിലാണ് വിപണിയിലെത്തുന്നത്. നിർമ്മാണ തീയതി മുതൽ ആറ് മാസക്കാലം വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാം. ഓഫീസുകൾ, യാത്രാവേളകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ ഏറെ അനുയോജ്യമായ കോഫി ക്യൂബിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തി തയ്യാറാക്കുന്ന ഈ ഉൽപ്പന്നം, കുടുംബശ്രീയുടെ സഹകരണത്തോടെ വരുംദിവസങ്ങളിൽ വിദേശ വിപണികളിലേക്ക് കൂടി കയറ്റുമതി ചെയ്യാനുള്ള പണിപ്പുരയിലാണ് സുനി ത്രദീപ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates