ഇടുക്കി: പാംബ്ല ഡാമിന് സമീപത്തെ വനമേഖലയിൽ 18-കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ രാജകുമാരി ബി ഡിവിഷൻ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യയാണ് (18) കൊല്ലപ്പെട്ടത്. വിവാഹം കഴിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ നിത്യയും നിഷാന്തും തമ്മിൽ തർക്കമുണ്ടാവുകയും, പ്രകോപിതനായ നിഷാന്ത് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മരണം ഉറപ്പുവരുത്താനായി വലിയ കല്ലെടുത്ത് മുഖത്ത് ആഞ്ഞടിച്ചു. ഇതിനുശേഷമാണ് കൊലപാതക വിവരം പുറത്തറിയാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനുമായി പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
പാംബ്ല ഡാമിന് സമീപമുള്ള ഇലക്ട്രിസിറ്റി ബോർഡ് ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ വിജനമായ കാട്ടുപ്രദേശത്താണ് മൃതദേഹം പൂർണ്ണമായി കരിഞ്ഞ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നിത്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ, കൈനഖങ്ങളിലെ പ്രത്യേക അടയാളങ്ങളും മറ്റ് ശരീര ലക്ഷണങ്ങളും വസ്ത്രഭാഗങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം നിത്യയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
സംഭവസ്ഥലത്തെത്തിയ ഫോറൻസിക്, വിരലടയാള വിദഗ്ധർ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് വെച്ചുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ ഉടൻതന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates