ഇടുക്കി: നാണയ, കറൻസി ശേഖരണം വെറുമൊരു വിനോദത്തിനപ്പുറം കടന്നുപോയ കാലഘട്ടങ്ങളുടെ ശേഷിപ്പുകൾ വരുംതലമുറയ്ക്കായി കാത്തുവെക്കുന്ന ചരിത്രാന്വേഷണം കൂടിയാണെന്ന് തെളിയിക്കുകയാണ് ഇടുക്കി രാജാക്കാട് മുല്ലക്കാനം സ്വദേശി സുജിത്ത്. അറിവുകളും ചരിത്രാവബോധവും സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി നാണയങ്ങളുടെയും നോട്ടുകളുടെയും അമൂല്യ ശേഖരത്തിലേക്ക് സുജിത്തിനെ നയിച്ചത്.
സുജിത്തിന്റെ പക്കലുള്ള നാണയ ശേഖരം കാണുന്ന ഏതൊരാളിലും വലിയൊരു കൗതുകമാണ് ഉണർത്തുക. ഇന്ത്യയുൾപ്പെടെ ലോകത്തെ ഒട്ടനവധി രാജ്യങ്ങളുടെ പഴയതും പുതിയതുമായ നാണയങ്ങളും കറൻസി നോട്ടുകളും ഇദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ഇന്ന് ഭൂമുഖത്ത് നിലവിലില്ലാത്തതും ചരിത്രത്തിന്റെ താളുകളിലേക്ക് മാത്രം ഒതുങ്ങിപ്പോയതുമായ നിരവധി രാജ്യങ്ങളുടെ നാണയങ്ങളും ഈ ശേഖരത്തിന് മാറ്റുകൂട്ടുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയ അപൂർവ്വ നാണയം മുതൽ സാധാരണക്കാരുടെ ഇടപാടുകളിൽ മുൻപ് നിറഞ്ഞുനിന്നിരുന്ന ഓട്ടക്കാലണ, ഒരണ, രണ്ടണ, ഒരു പൈസ, രണ്ട് പൈസ തുടങ്ങിയവയും ഏറ്റവും ഒടുവിൽ പ്രചാരത്തിൽനിന്ന് പിൻവലിച്ച രണ്ടായിരത്തിന്റെ നോട്ട് വരെ ഈ വിസ്മയ ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഭാരതത്തിന്റെ രാജഭരണ കാലവും ബ്രിട്ടീഷ് കൊളോണിയൽ ഭരണവുമെല്ലാം അടയാളപ്പെടുത്തുന്ന ഓരോ നാണയവും ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.
പഴയതും പുതിയതുമായ വിദേശ രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും തേടിയുള്ള സുജിത്തിന്റെ ഈ അന്വേഷണം തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. 2000-ൽ നടന്ന രാജാക്കാട് ഫെസ്റ്റിൽ വെച്ച് കണ്ട നാണയ ശേഖരങ്ങളുടെ പ്രദർശനമാണ് അദ്ദേഹത്തിന് ഈ മേഖലയിലേക്ക് കടന്നുവരാൻ വലിയ പ്രചോദനമായത്. വിവിധ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ കഥ പറയുന്ന ഈ അമൂല്യ നാണയ ശേഖരം പുതിയ തലമുറയ്ക്ക് അറിവ് പകർന്നുനൽകാനായി കാത്തുസൂക്ഷിക്കുകയാണ് ഈ ചരിത്രസ്നേഹി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates