ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാണാൻ കഴിഞ്ഞില്ലേ? സഞ്ചാരികളെ വരവേൽക്കാൻ മീശപ്പുലിമല

12 വർഷത്തിന് ശേഷം മീശപ്പുലിമല നീലപ്പട്ടുടുത്തു; പ്രതിദിനം 750 പേർക്ക് പ്രവേശനം
Meesapulimala Neelakurinji Bloom
Meesapulimala Neelakurinji Bloom
Edited By:
Updated on: 
1 min read

മൂന്നാർ: ചൊക്രമുടിയിലും മൂന്നാറിന്റെ മലനിരകളിലും വിരിഞ്ഞ നീലക്കുറിഞ്ഞി വസന്തം കാണാൻ കഴിയാതെപോയ സഞ്ചാരികൾക്ക് സുവർണ്ണാവസരമൊരുക്കി മീശപ്പുലിമല. പന്ത്രണ്ട് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മീശപ്പുലിമലയുടെ താഴ്‌വരകളിൽ നീലക്കുറിഞ്ഞി പൂത്തുലഞ്ഞതോടെ, ചരിത്രത്തിലാദ്യമായി സഞ്ചാരികൾക്കായി പ്രത്യേക സന്ദർശന സൗകര്യങ്ങൾ ഒരുക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ

2014-ലാണ് മീശപ്പുലിമലയിൽ അവസാനമായി വിപുലമായ രീതിയിൽ നീലക്കുറിഞ്ഞി പൂവിട്ടത്. അന്ന് മലനിരകളിൽ പൂക്കൾ വിരിഞ്ഞിരുന്നെങ്കിലും സഞ്ചാരികൾക്കായി മാത്രമായി പ്രത്യേക സന്ദർശന പാക്കേജുകളോ യാത്രകളോ കെഎഫ്ഡിസി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നീലക്കുറിഞ്ഞി ആസ്വദിക്കാൻ എത്തുന്നവർക്കായി സമഗ്രമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎഫ്ഡിസി മൂന്നാർ ഡിവിഷണൽ മാനേജർ സുജിത് വ്യക്തമാക്കി. ഈയാഴ്ച യാത്രകൾക്ക് തുടക്കം കുറിച്ചെങ്കിലും മഴക്കെടുതികൾ നിലനിൽക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ മഴ മാറിനിൽക്കുന്നതോടെ വരും ആഴ്ചകളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെഎഫ്ഡിസി ഓഫീസിന് സമീപത്തുനിന്ന് ജീപ്പുകളിലാണ് സഞ്ചാരികളെ 30 കിലോമീറ്റർ അകലെയുള്ള റോഡോ മാൻഷനിലേക്ക് കൊണ്ടുപോകുന്നത്. അവിടെനിന്ന് ഒരു കിലോമീറ്റർ കാൽനടയായി ട്രെക്കിങ് നടത്തി പൂക്കൾ വിരിഞ്ഞുനിൽക്കുന്ന താഴ്‌വരകളിൽ എത്താം. പൂക്കൾ നശിപ്പിക്കപ്പെടാതിരിക്കാൻ വനംവകുപ്പ് പ്രത്യേക വേലികൾ കെട്ടി നിരീക്ഷണ മേഖലകൾ സുരക്ഷിതമാക്കിയിട്ടുണ്ട്. ജിഎസ്ടി, ജീപ്പ് യാത്രാക്കൂലി, ലഘുഭക്ഷണം, കുടിവെള്ളം എന്നിവയുൾപ്പെടെ ഒരാൾക്ക് 1,475 രൂപയാണ് പാക്കേജ് നിരക്ക്. പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള 'കുറിഞ്ഞി' മൊബൈൽ ആപ്ലിക്കേഷൻ വഴി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. രാവിലെ 6 മുതൽ 9 വരെ, 9 മുതൽ ഉച്ചയ്ക്ക് 12 വരെ, 12 മുതൽ 3 വരെ, ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെ എന്നിങ്ങനെ നാല് സമയ സ്ലോട്ടുകളിലായാണ് പ്രവേശനം. ആദ്യ മൂന്ന് സ്ലോട്ടുകളിൽ 200 പേർക്കും അവസാന സ്ലോട്ടിൽ 150 പേർക്കും വീതം പ്രതിദിനം പരമാവധി 750 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

കൂടുതൽ സമയം മലനിരകളിൽ ചിലവഴിക്കാനും മലനിരകളുടെ മനോഹാരിത ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കായി ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക ഡേ ട്രെക്കിങ് പാക്കേജും കെഎഫ്ഡിസി ഒരുക്കിയിട്ടുണ്ട്. ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 2,360 രൂപയാണ് ഇതിന്റെ നിരക്ക്. കൂടാതെ മീശപ്പുലിമലയിൽ രാത്രി തങ്ങാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി താമസ-ടെന്റ് ക്യാമ്പിങ് സൗകര്യങ്ങളും കെഎഫ്ഡിസി ലഭ്യമാക്കിയിട്ടുണ്ട്.

Summary

For tourists and nature lovers who missed the breathtaking Neelakurinji flowering at Chokramudi and surrounding hillscapes of Munnar, Meesapulimala has unfurled a purplish-blue carpet, with the Kerala Forest Development Corporation (KFDC) rolling out exclusive visiting packages for the first time in history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com