

മൂന്നാർ: മഞ്ഞുപുതച്ച തേയിലച്ചെരുവുകളും പ്രകൃതിഭംഗിയും ആസ്വദിച്ച് മൂന്നാറിന്റെ മലനിരകളിലൂടെയുള്ള കെഎസ്ആർടിസിയുടെ 'റോയൽ വ്യൂ' ഡബിൾ ഡെക്കർ യാത്ര വിനോദസഞ്ചാരികൾക്കിടയിൽ വൻ ഹിറ്റാകുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ പ്രധാന ആകർഷണമായി മാറിയ ഈ സർവീസിന് കഴിഞ്ഞ പൂജ അവധിക്കാലത്ത് വലിയ ജനപ്രീതിയാണ് ലഭിച്ചത്. അവധി ദിനങ്ങളിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ കെഎസ്ആർടിസിക്ക് മികച്ച വരുമാന നേട്ടവും സ്വന്തമായി.
ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ച് ദിവസങ്ങളിൽ മാത്രം 1,191 യാത്രക്കാരാണ് ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്തത്. ഈ ദിവസങ്ങളിൽ നിന്നായി 4.06 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനമാണ് കെഎസ്ആർടിസി നേടിയത്.
മൂന്നാറിൽ നിന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലൂടെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ഗ്യാപ് റോഡ് പിന്നിട്ട് ആനയിറങ്കൽ ഡാമിന് സമീപം വരെയാണ് ബസ് സർവീസ് നടത്തുന്നത്. ഇടയ്ക്കിടെ തേയിലത്തോട്ടങ്ങളെ പുതച്ചുനിൽക്കുന്ന കോടമഞ്ഞിന്റെ മനോഹാരിതയും പച്ചപ്പുനിറഞ്ഞ താഴ്‌വരകളും മുകൾനിലയിലിരുന്ന് പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് സർവീസിന്റെ പ്രധാന പ്രത്യേകത.
യാത്രക്കാർക്ക് ദൃശ്യഭംഗി കണ്ടാസ്വദിക്കുന്നതിനും ഫോട്ടോകൾ പകർത്തുന്നതിനുമായി പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ ബസ് നിർത്തും. 2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ ആദ്യ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. സഞ്ചാരികളിൽ നിന്നുള്ള വലിയ സ്വീകാര്യത കണക്കിലെടുത്ത് ഈ വർഷം ജനുവരി നാലിന് രണ്ടാമത്തെ ബസും നിരത്തിലിറക്കുകയായിരുന്നു.
നിലവിൽ രണ്ട് ബസുകളിലായി രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെ ദിവസേന ആറ് സർവീസുകളാണ് നടത്തുന്നത്.
ടിക്കറ്റ് നിരക്ക്: കാഴ്ചകൾ വ്യക്തമായി കാണാവുന്ന മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് നിരക്ക്.
സീറ്റ് ക്രമീകരണം: മുകൾ നിലയിൽ 38 സീറ്റുകളും താഴത്തെ നിലയിൽ 12 സീറ്റുകളുമാണുള്ളത്.
ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്ന സഞ്ചാരികൾക്ക് നേരിട്ടും കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും (https://onlineksrtcswift.com/) മൊബൈൽ ആപ്പ് വഴിയും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
KSRTC's 'Royal View' open-deck double-decker bus service in Munnar witnessed overwhelming tourist demand during the recent Pooja holiday season,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates