വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

കാട്ടിലേക്ക് തുരത്തി വനപാലകർ
Padayappa Munnar
Padayappa Munnar
Edited By:
Updated on: 
1 min read

മൂന്നാർ: മൂന്നാർ നെറ്റിമേട് എസ്റ്റേറ്റിൽ കാട്ടാന 'പടയപ്പ' വനപാലകരുടെ വാഹനം ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു. എസ്റ്റേറ്റ് മേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെയാണ് കൊമ്പന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

നെറ്റിമേട് എസ്റ്റേറ്റ് പരിസരത്ത് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പെട്ടിമുടി ആർ.ആർ.ടി, മൂന്നാർ ആർ.ആർ.ടി സംഘങ്ങൾ സംയുക്തമായി സ്ഥലത്തെത്തിയത്. ജനവാസമേഖലയിൽനിന്ന് ആനയെ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിനിടെ കൊമ്പൻ പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. വനപാലകർ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ പാഞ്ഞടുത്ത പടയപ്പ വാഹനത്തിന് പിന്നാലെ വേഗത്തിൽ ഓടിയെത്തി.

ആന വാഹനം ലക്ഷ്യമാക്കി ഓടിയടുത്തതോടെ ജീപ്പ് മുന്നോട്ട് എടുക്കാൻ സാധിക്കാത്ത അവസ്ഥയായി. തുടർന്ന് ജീവനക്കാർ വാഹനം വേഗത്തിൽ പിന്നോട്ട് ഓടിക്കുകയായിരുന്നു. ഇത്തരത്തിൽ എസ്റ്റേറ്റ് പാതയിലൂടെ ഒരുകിലോമീറ്ററോളം ദൂരം ആന വാഹനത്തിന് പിന്നാലെ പാഞ്ഞടുത്തു. സാഹസികമായാണ് ഉദ്യോഗസ്ഥർ വാഹനം പിന്നോട്ട് ഓടിച്ച് രക്ഷപ്പെട്ടത്.

തുടർന്ന് കൂടുതൽ സുരക്ഷിതമായ സ്ഥലത്തെത്തിയ ശേഷം വനപാലക സംഘം പടക്കം പൊട്ടിച്ചും ബഹളം വെച്ചും പടയപ്പയെ പ്രതിരോധിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാട്ടാനയെ വനത്തിലേക്ക് വിജയകരമായി തുരത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. സംഭവത്തിൽ വനപാലകർക്കോ വാഹനത്തിനോ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും പടയപ്പ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Summary

In a nerve-wracking encounter at Nettimedu Estate near Munnar, the iconic wild tusker 'Padayappa' charged at forest department officials and chased their vehicle in reverse for nearly a kilometre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER