ബോഡിനായ്ക്കന്നൂർ: തമിഴ്‌നാട്ടിലും കേരളത്തിന്റെ അതിർത്തി മലയോര ഗ്രാമങ്ങളിലും പെയ്യുന്ന അതിതീവ്ര മഴയെത്തുടർന്ന് തമിഴ്‌നാട്ടിൽനിന്ന് ഇടുക്കിയിലെ തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ യാത്ര പൂർണ്ണമായി വിലക്കി തേനി ജില്ലാ ഭരണകൂടം. തേനി ജില്ലയിൽ നിലവിൽ കനത്ത മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപുറമെ, കഴിഞ്ഞ ദിവസം ഇടുക്കി മാങ്കുളത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് തോട്ടം തൊഴിലാളികൾ ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു ജീവൻ പോലും പൊലിയരുതെന്ന മുൻകരുതലിന്റെ ഭാഗമായാണ് കലക്ടറുടെ നടപടി.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബോഡിമെട്ട് ഉൾപ്പെടെയുള്ള പ്രധാന ചുരം പാതകളിൽ ഗതാഗതം അതീവ ദുഷ്കരവും അപകടകരവുമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികൾ പോകുന്നത് പൂർണ്ണമായി തടയാൻ അധികൃതർ തീരുമാനിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് തേനിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് അതിർത്തി കടന്ന് ഇടുക്കിയിലെത്തി തൊഴിലെടുക്കുന്നത്.
തൊഴിലാളികളുമായി കേരളത്തിലേക്ക് പുറപ്പെട്ട ജീപ്പുകൾ, വാനുകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയെല്ലാം അതിർത്തി ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞ് തിരിച്ചയച്ചു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർവീസ് ബസുകളിൽ കയറി അതിർത്തി കടക്കാൻ ശ്രമിച്ച തൊഴിലാളികളെ ചെക്ക് പോസ്റ്റുകളിൽ ബസിൽനിന്ന് നിർബന്ധപൂർവ്വം ഇറക്കിവിട്ടു. ഇവരുടെ ടിക്കറ്റ് തുക കണ്ടക്ടർമാർ തിരികെ നൽകിയ ശേഷമാണ് അതിർത്തിയിൽനിന്ന് മടക്കി അയച്ചത്.
അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ നിത്യവരുമാനക്കാരായ തോട്ടം തൊഴിലാളികൾ രോഷാകുലരായതോടെ പല അതിർത്തി ചെക്ക് പോസ്റ്റുകളിലും തൊഴിലാളികളും പൊലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും നേരിയ തോതിലുള്ള സംഘർഷാവസ്ഥയും ഉടലെടുത്തു. ജോലിക്കുപോകാതെ കുടുംബം പട്ടിണിയിലാകുമെന്നും യാത്ര തുടരാൻ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും സുരക്ഷ മുൻനിർത്തി അധികൃതർ കർശന നിലപാട് സ്വീകരിച്ചു.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്ര അതിസാഹസികവും ജീവന് ഭീഷണിയുമായതിനാലാണ് കടുത്ത നടപടികൾ വേണ്ടിവന്നതെന്ന് തേനി ജില്ലാ ഭരണകൂടം അറിയിച്ചു.
മഴയുടെ തീവ്രത കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നതുവരെ തൊഴിലാളികളെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തമിഴ്‌നാട് അധികൃതർ. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ബോഡിമെട്ട് ഉൾപ്പെടെയുള്ള എല്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിലും സുരക്ഷ ശക്തമാക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates