തൊടുപുഴ: സിപിഎം നിയന്ത്രണത്തിലുള്ള തൊടുപുഴ മുതലക്കോടം സർവീസ് സഹകരണ ബാങ്ക് 17 കോടി രൂപയുടെ ഗുരുതരമായ സാമ്പത്തിക നഷ്ടത്തിലാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും വായ്പാ വിതരണത്തിലെ ക്രമക്കേടുകളും സംബന്ധിച്ച് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഈ നിർണ്ണായക കണ്ടെത്തലുകളുള്ളത്.
2025 മാർച്ച് 28-നാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബാങ്കിൽ പരിശോധന നടത്തിയത്. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയും വായ്പ നൽകിയതിലെ അപാകതകളും കണക്കിലെടുത്താണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നത്. മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചതിലൂടെ മാത്രം ബാങ്കിന് 3.13 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, വസ്തു ഈടിന്റെ കൃത്യമായ പരിശോധന നടത്താതെ വായ്പ നൽകിയതിലൂടെ 20.67 ലക്ഷം രൂപയുടെയും, പാട്ടക്കരാർ പോലുമില്ലാതെ കൃഷിവായ്പ അനുവദിച്ചതിലൂടെ 34.87 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചതായും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സഹകരണ വകുപ്പിന്റെ റിപ്പോർട്ട് അന്തിമമോ സമഗ്രമോ അല്ലെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വകുപ്പിന് കൃത്യമായ മറുപടി നൽകുമെന്നും ഭരണസമിതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിനെതിരെ ബാങ്ക് ഭരണസമിതി കോടതിയെയും സമീപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates