' 37 വെട്ടുകൾ, ഇറച്ചിക്കടയിൽ പോലും ഇത്ര ക്രൂരമായി വെട്ടില്ല, കുഞ്ഞിന്റെ മുറിയിലേക്ക് രക്തം തെറിച്ചു'; ധനരാജിൻറെ കൊലപാതകത്തിൽ കോടതി

രാഷ്ട്രീയ കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല
First three accused found guilty in Dhanaraj murder case; others acquitted
ധനരാജ്
Edited By:
Updated on: 
1 min read

കണ്ണൂർ: ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി. ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ വെച്ച് 37 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ പോലും രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയിൽ പോലും വെട്ടാത്ത നിലയിലാണ് വെട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കേസ് എന്നൊരു കേസില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി പ്രശാന്ത്, ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു. വിചാരണയ്ക്കിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്കുതർക്കവും നടന്നു. മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷൻ വീഴ്ചകളും കോടതിയുടെ നിരീക്ഷണങ്ങളും

അതിക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തുമ്പോഴും, ധനരാജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് വിചാരണക്കോടതിയുടെ സുപ്രധാന നിരീക്ഷണം. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നും, പ്രാഥമിക മൊഴിയനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സാക്ഷിമൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും, ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി വിലയിരുത്തി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമായ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാഥമിക സാക്ഷികൾക്ക് കോടതിയിൽ വ്യക്തതയോടെ മൊഴി നൽകാനോ പൊലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാനോ സാധിച്ചില്ല.

ധനരാജിന്റെ മരണമൊഴി തന്നെ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും ഭാര്യക്കും നടന്ന കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ സാധിക്കണമെന്നില്ല. എന്നാൽ, അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം തള്ളിയ കോടതി, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന വീഴ്ചയും എടുത്തുപറഞ്ഞു.

Summary

While observing that the hacking of Dhanaraj to death with 37 wounds in front of his family was an extremely brutal murder, the Taliparamba Sessions Court noted that the prosecution failed to establish it as a political killing due to contradictory witness statements and lapses in police investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER