കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസിലെ വിധി കേൾക്കാൻ ധനരാജിന്റെ ഭാര്യ എൻ.വി. സജിനിയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലെത്തി. വികാരവിക്ഷുബ്ധതയോടെയാണ് സജിനി കോടതിമുറിയിൽ വിധി കേട്ടിരുന്നത്. വിധി പ്രസ്താവം കേട്ടപ്പോൾ വിതുമ്പിപ്പോയ അവർ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് കോടതിയിൽ നിന്ന് മടങ്ങിയത്.
വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച സജിനി, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും, അപ്പീൽ അടക്കമുള്ള മറ്റ് നിയമനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ സാധിക്കുന്ന മാനസികാവസ്ഥയിലല്ലെന്നും സജിനി കൂട്ടിച്ചേർത്തു. നീണ്ട പത്ത് വർഷത്തിന് ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രശാന്ത് കേസിൽ വിധി പ്രസ്താവിച്ചത്.
കുന്നരുവിലെ കണ്ടനാർ കേളൻ തെയ്യത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവിക്കാൻ തുടങ്ങിയത്. ധനരാജിന്റെ ഭാര്യ സജിനിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദവും, പ്രണബ് അന്നൂരിനെ ഒഴിവാക്കിയതും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രാമീണരായ ഭാര്യയും അമ്മയും എല്ലാ കാര്യങ്ങളും നടന്നപടി കൃത്യമായി പറയണമെന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ഇരുവരുടെയും മൊഴികൾ വിശ്വാസത്തിലെടുക്കുന്നതായി വ്യക്തമാക്കി.
കേസിൽ 17 പ്രതികളെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, ധനരാജ് വധം അതിക്രൂരമാണെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നാം സാക്ഷി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായതുകൊണ്ട് സാക്ഷിമൊഴി പരിഗണിക്കാനാവില്ലെന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്ന് കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു. കേസിലെ മുഴുവൻ പ്രതികളെയും ശിക്ഷിക്കുന്നതിനായി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates