കണ്ണൂർ: കേരളത്തെ ഞെട്ടിച്ച പ്രമാദമായ ഒരു കൊലക്കേസിന്റെ അന്വേഷണ വഴി സിനിമയാകുന്നു. മികച്ച കുറ്റാന്വേഷകനും എഴുത്തുകാരനുമായ മുൻ ജില്ലാ പൊലീസ് മേധാവി പിപി സദാനന്ദൻ തളിപ്പറമ്പ് സിഐയായിരിക്കെ തെളിയിച്ച ഏഴോത്തെ റീത്ത വധക്കേസാണ് സിനിമയ്ക്ക് ആധാരം. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ യഥാർത്ഥ കൊലപാതകത്തിന്റെ കഥ, പി.പി. സദാനന്ദൻ രചിച്ച സത്യത്തിന്റെ സാക്ഷി എന്ന പുസ്തകത്തിലെ മൗനങ്ങൾ പ്രതിധ്വനിക്കുമ്പോൾ എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയാണ് വെള്ളിത്തിരയിലെത്തിക്കുന്നത്.
ശ്രീകണ്ഠപുരം സ്വദേശിയും ഇംഗ്ലണ്ടിലെ എൻഡോക്രൈനോളജിസ്റ്റുമായ ഡോ. പാപ്പച്ചൻ ജോസഫാണ് സിനിമയുടെ നിർമ്മാതാവ്. തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളസ് ജോസഫിന്റെ സഹോദരനാണ് ഇദ്ദേഹം. 'പനി' (2018), 'ബുള്ളറ്റ് ഡയറീസ്' (2023) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 2006-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ 'ഏകാന്തം' ഉൾപ്പെടെയുള്ള സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറുമായി പ്രവർത്തിച്ച സന്തോഷ് മണ്ടൂറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പി.പി. സദാനന്ദൻ, പാപ്പച്ചൻ ജോസഫ്, സന്തോഷ് മണ്ടൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, നിഷാന്ത് സാഗർ, ഹരീഷ് കണാരൻ, സിബി തോമസ്, സന്തോഷ് കീഴാറ്റൂർ, ദുർഗ, നിഷ സാരംഗ്, ഐശ്വര്യ തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി നിർവഹിക്കുന്നത്. കൈതപ്രം രഞ്ജിൻ രാജ് വർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിടുന്നത്. തളിപ്പറമ്പ്, പരിയാരം, പട്ടുവം തുടങ്ങിയ പ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സർവീസിലിരിക്കെ നിരവധി കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് പി.പി. സദാനന്ദൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates