കണ്ണൂർ: തുണിക്കടയിൽ കയറി ഷർട്ട് തെരഞ്ഞെടുത്ത്, തൊട്ടപ്പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് ഒടുവിൽ കുടുങ്ങി. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ആലക്കോട്ടെ ഒരു പ്രമുഖ തുണിക്കടയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. യുവാവ് ഷർട്ടുകളുമായി മുങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കടയുടമ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പുറത്തുവിട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. നാണക്കേട് ഭയന്ന് യുവാവിന്റെ ബന്ധുക്കൾ കടയിലെത്തി പണം നൽകി സംഭവം ഒതുക്കിത്തീർക്കുകയായിരുന്നു.
ആർക്കോ സമ്മാനം നൽകാനെന്ന വ്യാജേനയാണ് യുവാവ് കടയിലേക്ക് എത്തിയത്. തുടർന്ന് മികച്ച രണ്ട് ഷർട്ടുകൾ തെരഞ്ഞെടുത്തു. തുടർന്ന് കടയുടമയോട് പണം നൽകാതെ, തന്റെ ഭാര്യ തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇരിപ്പുണ്ടെന്നും അവരുടെ അഭിപ്രായം കൂടി ചോദിച്ച് ഉറപ്പിച്ച ശേഷം പണം നൽകാമെന്നും ഇയാൾ പറഞ്ഞു. ഷർട്ടുകൾ രണ്ടും ഒരു കവറിലിട്ട് തരണമെന്നും ഇയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാർ വസ്ത്രങ്ങൾ കവറിലാക്കി നൽകിയ ഉടൻതന്നെ ഷർട്ടുമായി ഇയാൾ കടയിൽനിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ കടയിലേക്ക് തിരിച്ചുവരികയോ പണം നൽകുകയോ ചെയ്തില്ല. സംശയം തോന്നി പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഇയാളെയോ ഇയാൾ പറഞ്ഞ കാറോ കണ്ടെത്താൻ ജീവനക്കാർക്ക് സാധിച്ചില്ല. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ കടയുടമ സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും യുവാവിന്റെ ദൃശ്യങ്ങൾ ആലക്കോട് മേഖലയിലെ വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പങ്കുവെക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസിയായ ഒരാൾ യുവാവിനെ തിരിച്ചറിയുകയും ഇയാളുടെ വീടും മറ്റു വിവരങ്ങളും കടയുടമയ്ക്ക് കൈമാറുകയും ചെയ്തു. തുടർന്ന് കടയുടമ നേരിട്ട് യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യം പറഞ്ഞു. മകന്റെ പ്രവൃത്തി കണ്ട് അമ്പരന്ന അമ്മ, ഷർട്ടുകളുടെ പണം നൽകാമെന്ന് കടയുടമയോട് സമ്മതിച്ചു. സംഭവം നാട്ടിലാകെ പാട്ടാകുമെന്നും വലിയ നാണക്കേടാകുമെന്നും മനസ്സിലാക്കിയതോടെ യുവാവിന്റെ മറ്റ് ചില ബന്ധുക്കൾ ഉടൻതന്നെ ആലക്കോട്ടെ കടയിലെത്തി ഷർട്ടുകളുടെ മുഴുവൻ തുകയും നൽകി കേസും പരാതികളും ഒഴിവാക്കി തലയൂരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates