കണ്ണൂർ: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന 'കണ്ണൂർ ബുക്ക് ഫെസ്റ്റ് 2026' പുസ്തകോത്സവം രണ്ടാം ദിനത്തിലും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് മേളയുടെ രണ്ടാം നാളിൽ മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. ജില്ലയിലെ വിവിധ വായനശാലകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനായി പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ്, മാതൃഭൂമി, മനോരമ, പൂർണ, സാഹിത്യപ്രവർത്തക സഹകരണ സംഘം (SPCS), എൻ.ബി.ടി, ദിശ, കൈരളി, Carnet, സമയം തുടങ്ങി അറുപതോളം മുൻനിര പ്രസാധകരുടെ നൂറോളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെയും ഇതര ഭാഷകളിലെയും പുതിയതും ക്ലാസിക് സ്വഭാവമുള്ളതുമായ പതിപ്പുകൾ സ്വന്തമാക്കാൻ പുസ്തകപ്രേമികൾക്ക് മേള വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പുസ്തക വിൽപ്പനയ്ക്ക് പുറമെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാൽ സമ്പന്നമാണ് ഫെസ്റ്റ് വേദി. സെമിനാറുകൾ, ശില്പശാലകൾ, പുസ്തക പ്രകാശന ചടങ്ങുകൾ, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ദിനംപ്രതി നടക്കുന്നുണ്ട്. ടി. പത്മനാഭൻ, എം. മുകുന്ദൻ, ഡോ. സുനിൽ പി. ഇളയിടം തുടങ്ങിയ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കുന്നു. നാല് നാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ബുക്ക് ഫെസ്റ്റ് നവംബർ ഒന്നിന് സമാപിക്കും.