ശ്രീദേവ്നയുടെ ജീവൻ രക്ഷിക്കാൻ നാടൊന്നിക്കുന്നു; പൂവിൽപ്പനയും പായസമേളയുമായി 'ചങ്ക്സ്' കൂട്ടായ്മ

ഗുരുതര വൃക്കരോഗത്തോട് പോരാടുന്ന പ്ലസ് വൺ വിദ്യാർഥിനിക്കായി കൈകോർത്ത് നാട്
 Mega Flower Sale For Student Treatment
Mega Flower Sale For Student Treatment
Edited By:
Updated on
1 min read

കണ്ണൂർ: ഗുരുതരമായ വൃക്കരോഗത്തോട് പോരാടുന്ന വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ശ്രീദേവ്നയുടെ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനായി ഓണത്തിന് മുന്നോടിയായി മെഗാ പൂവിൽപ്പനയും പായസ വിൽപനയുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാരുടെ കൂട്ടായ്മയായ 'ചങ്ക്സ്'. ശ്രീദേവ്നയുടെ വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർചികിത്സകൾക്കായി ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടർചികിത്സാ ചിലവുകൾ താങ്ങാനാവാതെ ഈ പാവപ്പെട്ട കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് നാടിന്റെ കരുതൽ തുണയാകുന്നത്.

കർണാടകയിൽ നിന്നെത്തിയത് രണ്ടര ലക്ഷത്തിന്റെ പൂക്കൾ

ചികിത്സാ ഫണ്ട് സമാഹരണത്തിനായി കർണാടകയിൽ നിന്ന് രണ്ടരലക്ഷത്തോളം രൂപയുടെ പൂക്കളാണ് കൂട്ടായ്മ ചാലയിലെത്തിച്ചിട്ടുള്ളത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ചാല ഹയർ സെക്കൻഡറി സ്കൂൾ, കോയ്യോട് റോഡ് ജംഗ്ഷൻ, ചാല ബൈപ്പാസ് കവല എന്നിവിടങ്ങളിലാണ് പ്രധാനമായും പൂവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പൂക്കൾ വിറ്റുകിട്ടുന്ന തുക മുഴുവനായും ശ്രീദേവ്നയുടെ ചികിത്സയ്ക്കായി മാത്രമാണ് മാറ്റിവെക്കുന്നത്.

പൂക്കൾ ആവശ്യമില്ലാത്തവർക്കായി പായസ വിൽപനയും

പൂക്കൾ ആവശ്യമില്ലാത്തവർക്ക് ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകുന്നതിനായി രുചികരമായ പായസവിൽപനയും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. പായസം വാങ്ങുന്നവർ നൽകുന്ന തുകയും പൂർണ്ണമായും വിദ്യാർത്ഥിനിയുടെ ചികിത്സാ ഫണ്ടിലേക്കാണ് നൽകുക. നാട്ടുകാരുടെയും സുമനസ്സുകളുടെയും പൂർണ്ണ പിന്തുണയോടെ ശ്രീദേവ്‌നയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന വലിയ പ്രതീക്ഷയിലാണ് ചങ്ക്സ് കൂട്ടായ്മയും പ്രദേശവാസികളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com