അച്ഛനറിയാതെ ആദരമൊരുക്കി മക്കൾ; സപ്തതിയിൽ സ്നേഹസൗഹൃദങ്ങളുടെ അപൂർവ സംഗമം

ചിറക്കൽ കടലായിയിൽ നടന്നുവരുന്ന സത്സംഗശതകം ജ്ഞാനസഭ, പെരുംകളിയാട്ടം സുവനീർ കമ്മിറ്റി തുടങ്ങി സാംസ്കാരിക കൂട്ടായ്മകളുടെ സജീവ ചാലകശക്തിയാണ്
PV Sukumaran Sapthathy
PV Sukumaran Sapthathy
Edited By:
Updated on: 
2 min read

കണ്ണൂർ: പിറന്നാൾ ആഘോഷങ്ങൾ പലതുണ്ട്. എന്നാൽ സ്വന്തം എഴുപതാം പിറന്നാൾ അറിയാതെ പ്രിയപ്പെട്ടവരുടെ സ്നേഹവലയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുചെല്ലുക! ചിറക്കൽ പി.വി. സുകുമാരന് മക്കൾ ഒരുക്കിയ സപ്തതി ആഘോഷം അത്തരമൊരു വേറിട്ട അനുഭവമായി മാറി.

ഗ്രാമീൺ ബാങ്ക് മുൻ മാനേജരും കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ പി.വി. സുകുമാരന്റെ എഴുപതാം പിറന്നാൾ അവിസ്മരണീയമാക്കാൻ മക്കൾ രഹസ്യമായാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. അച്ഛന്റെ സൗഹൃദവലയത്തിലുള്ള കലാസ്വാദകരെയും സഹൃദയരെയും പങ്കെടുപ്പിച്ചായിരുന്നു ഈ ഒത്തുചേരൽ. ബംഗളൂരുവിലുള്ള മക്കളായ അമ്പിളിയും ഡോ. അരുണും ചേർന്നാണ് അച്ഛന്റെ സതീർത്ഥ്യരെയും സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് പിറന്നാൾ ദിനം രാവിലെ കണ്ണൂരിൽ ഒത്തുചേരാൻ ക്ഷണിച്ചത്. മക്കളുടെ സ്നേഹാഭ്യർഥന അക്ഷരംപ്രതി പാലിച്ച സുഹൃത്തുക്കൾ ഒരിക്കലും ഇക്കാര്യം അച്ഛനെ അറിയിച്ചില്ല. അങ്ങനെ രഹസ്യമായി എല്ലാ സുഹൃത്തുക്കളും ഒത്തുകൂടി ഒരുക്കിയ ആദരവ് സുകുമാരന് മറക്കാനാവാത്ത പിറന്നാൾ സമ്മാനമായി.

ജീവിതത്തിലെ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ താൻ സമ്പാദിച്ച ഏറ്റവും വലിയ സമ്പത്ത് ബന്ധങ്ങളും സൗഹൃദങ്ങളുമാണെന്ന തിരിച്ചറിവുകൂടിയായി ഈ ഒത്തുചേരൽ. മക്കളുടെ കരുതലും സുഹൃത്തുക്കളുടെ ആദരവും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ സപ്തതി കേവലമൊരു ആഘോഷത്തിനപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ അടയാളമായി മാറി. എങ്കിലും, ഈ സന്തോഷത്തിലും തന്റെ ജീവിതപങ്കാളി ഒപ്പമില്ലല്ലോ എന്ന ചെറിയൊരു സങ്കടം പിറന്നാൾ വേളയിൽ ബാക്കിയായി. അകാലത്തിലുള്ള ഭാര്യയുടെ വേർപാടിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാത്തവണ്ണം അച്ഛനെ സ്നേഹത്തോടെയും കരുതലോടും കൂടി നയിക്കുന്ന മക്കൾ ഏവർക്കും മാതൃകയായിരിക്കുകയാണ്.

ആദരസഭയും പ്രമുഖരുടെ സാന്നിധ്യവും

പദ്മശ്രീ എസ്.ആർ.ഡി. പ്രസാദിന്റെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എം.എൽ.എ. സപ്തതി ആദരസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അർജുൻ മാവിലക്കണ്ടി, ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ഡോ. എ.വി. അജയകുമാർ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, സാഹിത്യകാരൻ രാജൻ അഴീക്കോടൻ, ഡോ. സി.കെ. അശോകവർമ, സി.കെ. സുരേഷ് വർമ്മ, ഡോ. സഞ്ജീവൻ അഴീക്കോട്, പി. അമ്പിളി, ഡോ. പി. അരുൺ, ഡോ. പ്രശാന്ത്കൃഷ്ണൻ, ഡോ. എ.വി. പുരുഷോത്തമൻ, ടി.കെ. ദിവാകരൻ, ബാബുരാജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആദരിക്കൽ, അനുമോദനം, ഗാനാലാപനം, പിറന്നാൾ കേക്ക് മുറിക്കൽ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ചെറുകുന്ന് സ്വദേശിയായ പി.വി. സുകുമാരൻ ഗ്രാമീൺ ബാങ്ക് മാനേജരായാണ് വിരമിച്ചത്. ദീർഘകാലമായി ചിറക്കൽ ചാമുണ്ഡിക്കോട്ടത്തിനടുത്താണ് താമസം. ചിറക്കൽ കടലായിയിൽ നടന്നുവരുന്ന സത്സംഗശതകം ജ്ഞാനസഭ, പെരുംകളിയാട്ടം സുവനീർ കമ്മിറ്റി തുടങ്ങി നിരവധി സാംസ്കാരിക കൂട്ടായ്മകളുടെ സജീവ ചാലകശക്തിയാണ് അദ്ദേഹം. ഏഴു പതിറ്റാണ്ടിന്റെ ജീവിതയാത്രയിൽ നേടിയെടുത്ത സൗഹൃദങ്ങളാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശമാണ് ഈ സപ്തതിയാദരവിലൂടെ സമൂഹത്തിന് പകരുന്നത്.

Summary

Children of P.V. Sukumaran, a retired Grameen Bank manager and cultural activist in Kannur, surprised him with a heartwarming and secret 70th birthday (Sapthathy) celebration, bringing together friends, relatives, and prominent figures from various fields.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER