കണ്ണൂർ: താഴെചൊവ്വയിലെ 'നെഹതി മന്തി' എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി സ്വദേശികളുടെ ബാഗുകളിൽ നിന്ന് പണം കവർന്ന കേസിൽ സഹപ്രവർത്തകനായ നേപ്പാളി സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ഡു സ്വദേശിയായ അമിത് ദമായി (25) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 22-നായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി യുവാക്കളുടെ ബാഗുകളിൽ നിന്നായി ആകെ 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പ്രതി പണം കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ണൂർ ടൗൺ പൊലീസിന്റെ പെട്രോളിങ്ങിനിടെ കാൽടെക്സ് ഭാഗത്തുവെച്ച് പ്രതിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. പ്രമോദ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. സനൂപ് നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates