

കണ്ണൂർ: കണ്ണൂർ ജില്ലയിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒട്ടേറെ വൻകിട വാഹന മോഷണക്കേസുകളിൽ പ്രതിയായി 22 വർഷമായി നിയമത്തെ വെട്ടിച്ച് മുങ്ങിനടന്ന കുപ്രസിദ്ധ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി. ഹരിയാന പൽവാൽ ഘോഡി വില്ലേജിലെ ബൽദേവ് സിംഗിനെയാണ് (60) ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ യമുനാനദിക്കരികിലുള്ള ടപ്പൽ എന്ന സ്ഥലത്തെ ഒളിത്താവളത്തിൽ വെച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം തന്ത്രപരമായി വലയിലാക്കിയത്. 2004-ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണക്കേസുകളിലെ മുഖ്യ പ്രതിയാണിയാൾ.
കണ്ണൂർ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി. ബാലകൃഷ്ണൻ നായരുടെ നേരിട്ടുള്ള നിർദ്ദേശാനുസരണം ജൂൺ 14-ന് ഹരിയാന പൊലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനൻ, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ് കുമാർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഉത്തർപ്രദേശിലെത്തി പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
കോടതിയെയും പൊലീസിനെയും കബളിപ്പിച്ച 22 വർഷം
കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരു എൽ.പി വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ ഇയാൾക്കെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ദീർഘകാലമായി നിലവിലുണ്ട്. കഴിഞ്ഞ 22 വർഷമായി നിയമത്തിന് മുൻപിൽ കീഴടങ്ങാതെ പൊലീസിനെയും കോടതി സംവിധാനങ്ങളെയും ഒരേപോലെ കബളിപ്പിച്ചുകൊണ്ട് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉൾഗ്രാമങ്ങളിൽ പേര് മാറ്റി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
പിടികൂടിയ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കണ്ണൂരിൽ എത്തിച്ച് വൈദ്യപരിശോധനകൾക്ക് ശേഷം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റ് അന്തർസംസ്ഥാന മോഷണസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാൻ വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates