കണ്ണൂർ: "ഉണരുമീ ഗാനം, കൈനിറയെ വെണ്ണ തരാം, ഒന്നാം രാഗം പാടി, ഏതോ വാർമുകിലിൻ..." തുടങ്ങിയ എക്കാലത്തെയും ജനപ്രിയ ഗാനങ്ങൾ ആലപിച്ച് കണ്ണൂർ ദസറയുടെ രണ്ടാം ദിന വേദിയെ സംഗീതസാന്ദ്രമാക്കി ഭാവഗായകൻ ജി. വേണുഗോപാൽ. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ദസറയുടെ രണ്ടാം ദിന ഉദ്ഘാടനം നിർവ്വഹിച്ച കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ ജി. വേണുഗോപാൽ തന്റെ സ്വരമാധുരിയാൽ സദസ്സിനെ പൂർണ്ണമായും കയ്യിലെടുത്തു.
കണ്ണൂർ എല്ലാ കലകളുടെയും നാടാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കല മഹനീയമാണെന്നും മനുഷ്യബന്ധങ്ങളിൽ അത് നന്മ വിതറുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദസറയുടെ സംസ്കാരവും ലക്ഷ്യവും തിന്മകളുടെ നിരാകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.പി. ജമാൽ സ്വാഗതം പറഞ്ഞു. മുൻ മേയർ മുസ്ലിഹ് മഠത്തിൽ, എസ്ബിഐ റീജിയണൽ മാനേജർ (എജിഎം) അനൂപ് പി. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽകുമാറിനെ ആദരിച്ചു.
തുടർന്ന് ചിദംബരം നൃത്ത വിദ്യാലയം അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം, ബിറ്റ് ബ്രേക്കേഴ്സിന്റെ ഫ്യൂഷൻ ഡാൻസ്, ശ്രീകുറുമ്പ വാരം ടീം അവതരിപ്പിച്ച കൈകൊട്ടിക്കളി, അനന്യ പ്രദീപ്, അനോഖി എന്നിവരുടെ ഭരതനാട്യം, കമാലുദ്ദീൻ സിനാന്റെ ഡാൻസ്, ആതിര ഉണ്ണി അവതരിപ്പിച്ച കുച്ചിപ്പുടി എന്നിവ അരങ്ങേറി. ഇതിനുപിന്നാലെ വേദിയിൽ നടന്ന ഫെജോ ലൈവ് റാപ്പ് ഷോ ദസറ മൈതാനത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റി. "നമ്മൾ ഒന്നല്ലേ", "തെരുവിന്റെ കലാകാരൻ", "നഗ്നൻ ആണേൽ", "കൂട്ടിലിട്ട തത്ത" എന്നിവയിൽ തുടങ്ങി "കലാപക്കാര", "തലയുടെ വിളയാട്ട്", "ഹാർട്ട് അറ്റാക്ക്", "ഡെലുലു" എന്നിവ ബീറ്റ് ബോക്സ് സെഷനുകളായി വേദിയിൽ അവതരിപ്പിച്ചു. ഒടുവിൽ "ഓണം മൂഡ്", "വഴികാട്ടി", "ആയിരം ഓറ", "കൂടെ തുള്ളു" എന്നീ ഗാനങ്ങൾ ആലപിച്ച് അവസാനിക്കുമ്പോഴേക്കും കാണികൾ ആവേശത്തോടെ ഒപ്പം ചുവടുവെച്ചു.
കണ്ണൂർ ദസറയിൽ ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5.30-ന് ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഷാം താണ അധ്യക്ഷത വഹിക്കും. കൗൺസിലർ ടി. പ്രദീപൻ സ്വാഗതം പറയും. കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് എന്നിവർ വിശിഷ്ടാതിഥികളാകും.
തുടർന്ന് ആദിലക്ഷ്മി നൈജേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, സൗഹൃദം റസിഡൻസ് അസോസിയേഷന്റെ തിരുവാതിര, ടാഷ അന്ന ഈപ്പന്റെ ഭരതനാട്യം, പൗർണമി കൗശൽ നമ്പ്യാരുടെ മോഹിനിയാട്ടം, ഇഷാനി ആന്റ് ടീമിന്റെ ഗ്രൂപ്പ് ഡാൻസ്, വൈഗ രാജീവിന്റെ ക്ലാസിക്കൽ ഡാൻസ്, ദേവിക ജിതേഷിന്റെ കുച്ചിപ്പുടി, ശ്രീനാരായണ കലാസമിതിയുടെ നാടൻപാട്ട് നൃത്തം എന്നിവ അരങ്ങേറും. തുടർന്ന് ത്രിസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും വേദിയിൽ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates