കണ്ണൂർ കൊയിലി ആശുപത്രിക്ക് മുൻപിൽ നഴ്‌സുമാരുടെ സമരം സംഘർഷത്തിൽ; മെഡിക്കൽ സൂപ്രണ്ടും സമരക്കാരും തമ്മിൽ ഉന്തുംതള്ളും

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള ഉപരോധത്തിനിടെ നാടകീയ രംഗങ്ങൾ; ഡോക്ടർ മർദിക്കാൻ ശ്രമിച്ചെന്ന് നഴ്‌സുമാർ
Kannur Private Hospital Nurses Strike
Kannur Private Hospital Nurses Strike
Edited By:
Updated on
1 min read

കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെ തളാപ്പ് കൊയിലി ആശുപത്രിക്ക് മുൻപിൽ സംഘർഷം. ഉപരോധ സമരത്തിനിടെ കൊയിലി മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. ഗംഗാധരൻ നായരും സമരം ചെയ്യുന്ന നഴ്‌സുമാരും തമ്മിൽ തെരുവിൽ ഉന്തുംതള്ളുണ്ടായി. നഴ്‌സുമാർ മണിക്കൂറുകളോളം സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. ഒടുവിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസിന്റെ സഹായത്തോടെ ഡോക്ടർ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിനിടയിൽ ഡോക്ടർ തങ്ങളെ മർദിക്കാൻ ശ്രമിച്ചതായി നഴ്‌സുമാർ ആരോപിച്ചു.

കണ്ണൂർ നഗരത്തിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വർദ്ധനവ് സംബന്ധിച്ച സമരം ഒത്തുതീർപ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കണ്ണൂരിലെ ആറ് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ കഴിഞ്ഞ രണ്ട് മാസമായി ശമ്പള പരിഷ്‌കരണത്തിനായി ശക്തമായ സമരം നടത്തിവരികയായിരുന്നു. തുടർന്ന് ഇന്നലെ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടി.ഒ. മോഹനൻ എംഎൽഎ എന്നിവരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നു.

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ 5 ആശുപത്രികളിലെ സമരം ഒത്തുതീർപ്പായി. എന്നാൽ കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഈ ചർച്ചയിലും തയ്യാറായില്ല. ഇതോടെയാണ് മറ്റ് ആശുപത്രികളിലെ നഴ്‌സുമാർ കൂടി കൊയിലിക്ക് മുൻപിലേക്ക് സമരവുമായി എത്തിയത്.

കഞ്ഞിവെപ്പ് സമരവുമായി നഴ്‌സുമാർ; പൊലീസ് കാവൽ

മാനേജ്‌മെന്റിന്റെ കടുത്ത നിലപാടിനെതിരെ കൊയിലി ആശുപത്രിക്ക് മുൻപിൽ നഴ്‌സുമാർ രാപ്പകൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് സമരപ്പന്തലിൽ നഴ്‌സുമാരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കഞ്ഞിവെപ്പ് സമരം നടത്തി. വൈകിട്ട് വരെ മുദ്രാവാക്യം വിളികളോടെ സമരം തുടർന്നു. കൂടുതൽ സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.

Summary

A major clash erupted at Thallap in Kannur as the ongoing indefinite strike by private hospital nurses turned violent outside Koyili Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com