കണ്ണൂർ: വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാതെ പ്രയാസപ്പെടുന്ന യുവാക്കളുടെയും മധ്യവയസ്കരുടെയും പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ ഇടപെടലുകൾ നടത്താൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു. വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്തവരുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലിയാണ് ഈ വിഷയം ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചത്. വിവാഹം നടക്കാത്ത പുരുഷന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രാദേശിക ഭരണകൂടം ഇടപെടണമെന്ന നിർദേശത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ അംഗങ്ങളും പിന്തുണച്ചതോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ വിവാഹം നടക്കാത്ത പുരുഷന്മാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇവർ നേരിടുന്ന തടസ്സങ്ങളും മറ്റ് പ്രശ്നങ്ങളും വിലയിരുത്തി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പഠനത്തിനും തുടർനടപടികൾക്കുമായി പ്രത്യേക ഉപസമിതിയെയും ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. പി.കെ. മുഹമ്മദലി ചെയർമാനും ടി.വി. കുഞ്ഞിക്കണ്ണൻ കൺവീനറുമായാണ് പുതിയ ഉപസമിതി പ്രവർത്തിക്കുക.
ഒന്നാം ഘട്ട സർവേ പൂർത്തിയായതിനു ശേഷം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ മാട്രിമോണിയൽ വെബ്സൈറ്റ്, സമൂഹവിവാഹം തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. നേരത്തെ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ ഇതിന് സമാനമായ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും പൂർണ്ണ വിജയം കണ്ടിരുന്നില്ല. ഈ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തതയോടെയുള്ള ഇടപെടലുകൾക്കാണ് കുന്നോത്തുപറമ്പ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates