

കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ കാര്യം പറഞ്ഞ് പ്രതികൾ നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ വിദ്യാർത്ഥി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയുടെ മുകൾഭാഗത്ത് തുന്നലിടുകയും ചെയ്തു. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മേഖലയിൽ ജാഗ്രതാ സമിതികൾ സജീവമാണെങ്കിലും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ റാഗിങ് ആവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates