

കണ്ണൂർ: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ അശ്രദ്ധമായി പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ വരുന്നതിന് തൊട്ടുമുൻപായി ട്രാക്കിൽ വാഹനം കുടുങ്ങിയെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം ട്രാക്കിൽനിന്ന് നീക്കം ചെയ്തത്.
സംഭവം നടക്കുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. ജീപ്പ് ട്രാക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടയുടൻ ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപത്തായി നിർത്തിയിട്ടതിനാൽ വൻ അപകടം ഒഴിവായി. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ട്രാക്കിൽനിന്ന് ഉയർത്തി മാറ്റിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെത്തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം സമയം ട്രെയിനുകൾ വൈകിയോടി.
റെയിൽവേ ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോൾത്തന്നെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. താഴെ ചൊവ്വയിലും സമാനമായ രീതിയിൽ മുന്നിൽ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗം റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിന് നടുവിൽ കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates