ആറളം ഫാമിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണും: കാടുമൂടിയ കൃഷിയിടങ്ങൾ വീണ്ടെടുക്കും; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മന്ത്രി കെ.എ. തുളസി

വേതന കുടിശ്ശിക തീർക്കണമെന്നും സ്ഥിരം എംഡിയെ നിയമിക്കണമെന്നും തൊഴിലാളികൾ
Minister KA Thulasi Aralam Farm Visit
Minister KA Thulasi Aralam Farm Visit
Edited By:
Updated on: 
1 min read

ഇരിട്ടി: കണ്ണൂർ ആറളം ഫാം നേരിടുന്ന രൂക്ഷമായ സാമ്പത്തിക-കാർഷിക പ്രതിസന്ധികൾക്കും തൊഴിലാളികളുടെ പരാതികൾക്കും ഉടൻ പരിഹാരം കാണുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. ഫാം നേരിട്ട് സന്ദർശിച്ച മന്ത്രി, വർഷങ്ങളായി ദുരിതമനുഭവിക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി പ്രശ്നങ്ങൾ വിലയിരുത്തി. ഫാമിലെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ സമഗ്രമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ തൊഴിലാളികൾ വലിയ ഹർഷാരവത്തോടെയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്.

Minister KA Thulasi Aralam Farm Visit
Minister KA Thulasi Aralam Farm Visit

കാടുമൂടിക്കിടക്കുന്ന ഏക്കർ കണക്കിന് കൃഷിയിടങ്ങൾ അടിയന്തരമായി വെട്ടിത്തെളിച്ച് കൃഷി പുനരുജ്ജീവിപ്പിക്കണമെന്നും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക തീർത്ത് വിതരണം ചെയ്യണമെന്നും തൊഴിലാളികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഫാം നഷ്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി തൊഴിലാളികൾക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതിരിക്കുന്ന മാനേജ്മെന്റിന്റെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളി പ്രതിനിധികൾ വ്യക്തമാക്കി. തൊഴിലാളികൾക്ക് മാന്യമായ പരിഗണനയും അർഹമായ വേതനവും ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി നിലപാടെടുത്തു.

വരുമാനദായകമായ കൃഷിരീതികൾ ആവിഷ്കരിച്ച് ഫാമിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തൊഴിലാളികളുടെയും വിരമിച്ച ജീവനക്കാരുടെയും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം തീർപ്പാക്കുമെന്നും ഇതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ഉടൻ സമർപ്പിക്കാൻ ആറളം അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി മുടങ്ങാനുണ്ടായ സാഹചര്യങ്ങളും കാർഷിക വിളകളുടെ നാശവുമടക്കമുള്ള കാരണങ്ങൾ തൊഴിലാളികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഫാമിന്റെ ചിട്ടയായ ഭരണനിർവ്വഹണത്തിന് തടസ്സമായി നിൽക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ സ്ഥിരം എംഡിയുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. തുടർന്ന്, കാട്ടാനശല്യം തടയുന്നതിനായി ആറളം ഫാമിലെ കോട്ടപ്പാറയിൽ പുരോഗമിക്കുന്ന സംരക്ഷണ ആനമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയും മന്ത്രി നേരിട്ടെത്തി വിലയിരുത്തി. നിർമ്മാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.

Summary

Minister for SC/ST Development K.A. Thulasi conducted an extensive inspection of the Aralam Farm in Iritty, Kannur, directly reviewing the prolonged agricultural and administrative challenges plaguing the historic estate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com