കണ്ണൂർ: ഏഷ്യയിലെ പ്രശസ്തമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയ്ക്കുള്ളിൽ കൂറ്റൻ പെരുമ്പാമ്പ് കയറിക്കൂടിയത് വ്യാപാരികളെയും പ്രദേശവാസികളെയും പരിഭ്രാന്തിയിലാഴ്ത്തി. കടയുടെ മേൽക്കൂരയോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾക്കിടയിലാണ് വലിയ പെരുമ്പാമ്പ് ഒളിച്ചിരുന്നത്.
മുഴപ്പിലങ്ങാട് ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് തൊട്ടടുത്തുള്ള അഫ്സലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് ഇരതേടി പെരുമ്പാമ്പ് എത്തിയത്. ഇന്ന് രാവിലെ പതിവുപോലെ കട തുറന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മേൽക്കൂരയിലെ പൈപ്പിനിടയിൽ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ ഉടമസ്ഥൻ കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ വിവരം നാട്ടുകാരെയും പൊതുപ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ വസീം കെ.പി, മൂസക്കുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കടയ്ക്കുള്ളിൽ നിന്നും പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് ഈ പാമ്പിനെ ജനവാസ മേഖലയിൽ നിന്നും മാറ്റി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചു. ബീച്ചിനോട് ചേർന്നുള്ള പാച്ചക്കര പ്രദേശത്ത് അടുത്തിടെയായി പെരുമ്പാമ്പുകളുടെ സാന്നിധ്യം വലിയ രീതിയിൽ വർദ്ധിച്ചുവരുന്നത് പ്രദേശവാസികൾക്കിടയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates