മട്ടന്നൂർ: യുഎഇയിലെ റാസൽഖൈമയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മട്ടന്നൂർ ഉരുവച്ചാൽ 'ഹേമന്ത'ത്തിൽ പുതിയകാവിൽ ഹേമന്തിന്റെ (29) മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ പ്രിയപ്പെട്ടവന് കണ്ണീരോടെ അന്തിമോപചാരമർപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ മംഗളൂരു വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രാവിലെ പത്തരയോടെ ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെച്ചു. പതിനൊന്നരയോടെ മട്ടന്നൂർ നഗരസഭയിലെ പൊറോറ നിദ്രാലയത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, സിപിഎം മട്ടന്നൂർ ഏരിയാ സെക്രട്ടറി കെ രതീഷ്, വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, വാർഡ് കൗൺസിലർ സുരേഷ് ബാബു തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ദുബായിൽ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്ന ഹേമന്ത്, വിസ പുതുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ഹേമന്ത് സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കെവി.മോഹനൻ-പി.കെ. സുമംഗല ദമ്പതികളുടെ മകനാണ്. സഹോദരി: ഹിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates