മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; പി ജയരാജന് ജന്മനാടായ പാട്യത്ത് ആവേശോജ്ജ്വല വരവേൽപ്പ്

പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ചുവപ്പണിഞ്ഞ് അണികൾ
P Jayarajan Welcome Patyam
P Jayarajan Welcome Patyam
Edited By:
Updated on
2 min read

കണ്ണൂർ: പാർട്ടി സംസ്ഥാന സമിതിയിൽ മൂന്ന് പതിറ്റാണ്ടോളം തുടർന്നിട്ടും ഉന്നത സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പടിപ്പുറത്ത് കാത്തുനിൽക്കേണ്ടിവന്ന പി. ജയരാജന് ജന്മനാട്ടിൽ വികാരനിർഭരവും ആവേശകരവുമായ വരവേൽപ്പ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തെ പാട്യത്തെ അണികൾ പടക്കം പൊട്ടിച്ചും ആകാശമുട്ടെ മുദ്രാവാക്യം വിളിച്ചും ഹൃദയപൂർവ്വമാണ് സ്വീകരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന്റെ പൊതുസമ്മേളനം കഴിഞ്ഞ് പി. ജയരാജൻ സ്വന്തം തട്ടകമായ പാട്യത്ത് എത്തിയത്. പാർട്ടി കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട് ആത്മപരിശോധനയിലേക്കും തിരുത്തലുകളിലേക്കും കടക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, കൂടുതൽ കരുത്തോടെയാണ് പി. ജയരാജൻ പാർട്ടിയുടെ അമരത്തേക്ക് തിരിച്ചെത്തുന്നത്.

P Jayarajan Welcome Patyam
സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെ താരതമ്യേന ജൂനിയറായ നിരവധി നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയപ്പോഴും ജയരാജൻ മാത്രം നീണ്ട കാത്തിരിപ്പിലായിരുന്നു. 2025 മാർച്ചിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും സീനിയറായ ജയരാജനെ ഒഴിവാക്കിയത് അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിരുന്നു. അന്ന് 72 വയസ്സ് പിന്നിട്ടതിനാൽ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ അദ്ദേഹത്തിന് ഇനി സെക്രട്ടേറിയറ്റിൽ ഇടം ലഭിക്കില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ അടിപതറിയ പാർട്ടിക്ക് തെറ്റുതിരുത്തലിനായി കോഴിക്കോട്ട് വിശാല സംസ്ഥാന സമിതി വിളിച്ചുചേർക്കേണ്ടി വന്നതോടെയാണ് രാഷ്ട്രീയ സമവാക്യങ്ങൾ മാറിയത്. യോഗത്തിൽ മുതിർന്ന കേന്ദ്ര നേതാവ് അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജന്റെ പേര് നിർദ്ദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

കൂടുതൽ യുവനേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമ്പോൾ, താഴെത്തട്ടിൽ വലിയ സ്വീകാര്യതയുള്ള പി. ജയരാജനെ മാത്രം മാറ്റിനിർത്തുന്നത് തിരുത്തൽ പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ കർശന നിലപാടാണ് വഴിത്തിരിവായത്. ഇതോടെ ഇ.പി. ജയരാജനും എം.വി. ജയരാജനും ഒപ്പം പി. ജയരാജനും കൂടി എത്തുന്നതോടെ 'ജയരാജ ത്രയം' ഒന്നിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർണ്ണായക സാന്നിധ്യമായി മാറും.

P Jayarajan Welcome Patyam
സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

1972 മുതൽ പാർട്ടി പ്രവർത്തനത്തിൽ സജീവമായ പി. ജയരാജൻ പത്തു വർഷത്തോളം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായും രണ്ടു തവണ ഇതേ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായും പ്രവർത്തിച്ചു. 1998-ൽ സംസ്ഥാന സമിതിയിലെത്തിയ അദ്ദേഹം 2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പാർട്ടിയെ ഉരുക്കുമുഷ്ടിയോടെ നയിച്ചു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർന്നപ്പോൾ ജയരാജന് മുന്നിൽ മാത്രം ആ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.

P Jayarajan Welcome Patyam
'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

വ്യക്തിപൂജ പ്രോത്സാഹിപ്പിച്ചെന്ന ആക്ഷേപം, വാഴ്ത്തുപാട്ട്-മ്യൂസിക് ആൽബം വിവാദം, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ആരോപിച്ചുള്ള വിമർശനങ്ങൾ, സമൂഹമാധ്യമങ്ങളിലെ തുറന്നുപറച്ചിലുകൾ എന്നിവയെല്ലാം പലപ്പോഴും അദ്ദേഹത്തിന് വിനയായി. 2019-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ നിർദ്ദേശിച്ചപ്പോൾ മറ്റു നേതാക്കൾക്ക് നൽകിയതുപോലെ ചുമതലയൊഴിയൽ ആനുകൂല്യം നൽകാതെ, ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെപ്പിച്ചാണ് ജയരാജനെ കളത്തിലിറക്കിയത്. മത്സരത്തിൽ പരാജയപ്പെട്ടതോടെ ജില്ലാ സെക്രട്ടറി പദവി നഷ്ടമായി.

തുടർന്ന് ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.വി. ഗോവിന്ദന്റെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയ്ക്കെതിരെ ഉറച്ച നിലപാടെടുത്തതും വിവാദമായി. 2021-ൽ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ കണ്ണൂരിലടക്കം അണികൾ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്നീട് നൽകിയ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിൽ ഒതുങ്ങിനിന്ന ജയരാജൻ, ഇപ്പോൾ പാർട്ടിയുടെ ഏറ്റവും ഉയർന്ന നയരൂപീകരണ വേദിയിലേക്ക് തലയുയർത്തിത്തന്നെയാണ് കടന്നുവന്നിരിക്കുന്നത്. കണ്ണൂരിലെ പാർട്ടി അണികൾക്കിടയിലുള്ള പുകച്ചിൽ പരിഹരിക്കാനും പുതിയ സ്ഥാനലബ്ധി ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ

Summary

Culminating nearly three decades of persistent waiting outside the higher echelons of the party apparatus, CPI(M) strongman P. Jayarajan received a jubilant and rousing homecoming at his native village of Patyam in Kannur, following his elevation to the pivotal State Secretariat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com