

തലശ്ശേരി: വിട്ടുമാറാത്ത കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ തലായി ലക്ഷ്മണ നിവാസിൽ ദക്ഷിത് ബാബു (15) ആണ് മരണപ്പെട്ടത്. ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും മരണകാരണമായ രോഗബാധ ഏതെന്ന് വ്യക്തമായിട്ടില്ല
സ്കൂളിലെ മറ്റ് ചില കുട്ടികൾക്കും ദിവസങ്ങൾക്ക് മുൻപ് പനി ബാധിച്ചിരുന്നുവെങ്കിലും അവരെല്ലാം വേഗത്തിൽ രോഗമുക്തി നേടിയിരുന്നു. എന്നാൽ ദക്ഷിതിന് ബാധിച്ച പനി നിയന്ത്രണവിധേയമാകാതിരുന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്കൂളിലെത്തി വിശദമായ പ്രതിരോധ പരിശോധനകൾ നടത്തി. കണ്ണൂരിൽ നിന്നുള്ള ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആറംഗ പ്രത്യേക സംഘവും സ്കൂൾ കാമ്പസിൽ നേരിട്ടെത്തിയിരുന്നു.
പനിക്ക് കാരണമായ വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തലായിലെ വേലിക്കോത്ത് ദിലീഷ് ബാബുവിന്റെയും ധന്യയുടെയും മകനാണ് മരിച്ച ദക്ഷിത് ബാബു. സഹോദരി: ദിയ ബാബു. സംഭവത്തെ തുടർന്ന് പ്രദേശത്തും സ്കൂൾ പരിസരങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates