ഉയിര് സിനിമയുടെ പ്രമേയമായ കൊലപാതക കേസ്: നാടോടി സ്ത്രീ വധക്കേസില്‍ പ്രതിയായ രണ്ടാം ഭർത്താവ് കുറ്റക്കാരന്‍

കേസിലെ ശിക്ഷാവിധി നാളെ (നവംബർ 27) പ്രഖ്യാപിക്കും
Court Convicts Man Murdering Second Wife
Court Convicts Man Murdering Second Wife
Edited By:
Updated on: 
2 min read

തലശ്ശേരി: രണ്ടാംഭാര്യയായ നാടോടി സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മരാജനഹള്ളി സ്വദേശി ടിആർ മഞ്ജുനാഥയാണ് കുറ്റക്കാരനെന്ന് ജഡ്ജി സി.ജെ. ഡെന്നി വിധിച്ചത്. കേസിലെ ശിക്ഷാവിധി നാളെ (നവംബർ 27) പ്രഖ്യാപിക്കും.

2017 ജനുവരി 21-ന് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിട്ടിയിൽ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചുവരികയായിരുന്ന ശോഭയെയാണ് മഞ്ജുനാഥ കൊലപ്പെടുത്തിയത്. ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം ശോഭയെ കിണറ്റിൽ തള്ളുകയായിരുന്നു. അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട അഞ്ചുവയസ്സുകാരൻ മകന്റെ മൊഴിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.

നെഞ്ചുലയ്ക്കുന്ന മൊഴിയുമായി 15-കാരൻ

കേസിൽ മൂന്നാം സാക്ഷിയായാണ് ഇപ്പോൾ 15 വയസ്സുള്ള കുട്ടിയെ വിസ്തരിച്ചത്. കോടതിക്ക് മുൻപാകെ കുട്ടി നൽകിയ മൊഴി ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു: "അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പൊലീസ് ഹോസ്റ്റലിലാക്കി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് സംഭവം."

കൊലപാതകത്തിന് പിറ്റേദിവസം മൈസൂരു വഴി ബെംഗളൂരുവിലെത്തിയ പ്രതി, അവിടെനിന്നാണ് രണ്ട് പിഞ്ചുകുട്ടികളെയും മുംബൈയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടത്. 2017 ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റൊരു ക്രൂരകൊലപാതകത്തിന്റെ ചുരുളും അഴിഞ്ഞു. 2015 ഡിസംബറിൽ ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി വനത്തിൽ കൊണ്ടുപോയി കത്തിച്ചിരുന്നു. ഈ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ പറഞ്ഞതാണ് അവരെ വകവരുത്താൻ പ്രതിയെ പ്രേരിപ്പിച്ചത്.

ശോഭ മഞ്ജുനാഥ്
ശോഭ മഞ്ജുനാഥ്

'ഉയിര്' സിനിമയ്ക്ക് പ്രമേയമായ അന്വേഷണമികവ്

അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസിന്, കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതാണെന്നും 25-നും 28-നും ഇടയിൽ പ്രായമുള്ള സ്ത്രീയാണെന്നും വ്യക്തമാക്കിയ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് വഴിത്തിരിവായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ പറഞ്ഞു. 2017 മെയ് ആറിന് കുറ്റപത്രം സമർപ്പിച്ചു.

കേസിൽ തെളിവുകൾ ശേഖരിക്കുകയും മുംബൈയിൽ നിന്ന് കുട്ടികളെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തത് അന്ന് പ്രൊബേഷൻ എസ്ഐയായിരുന്ന അൻഷാദാണ്. 25-ാം സാക്ഷിയായി കേസിൽ ഇദ്ദേഹത്തെ വിസ്തരിച്ചു. നിലവിൽ തിരൂർ സിഐയായ അൻഷാദിന്റെ സംരക്ഷണയിലാണ് ഈ രണ്ട് കുട്ടികളും കഴിയുന്നത്. സിഐ അൻഷാദിന്റെ അന്വേഷണമികവും കുട്ടികളെ കണ്ടെത്തിയതുമായിരുന്നു 2026 ജൂണിൽ പുറത്തിറങ്ങിയ 'ഉയിര്' എന്ന മലയാള സിനിമയുടെ പ്രമേയം.

Summary

In a case that inspired the 2026 Malayalam film Uyiru, the Thalassery Additional District Court (I) has convicted Karnataka native T.R. Manjunatha for strangling his second wife, Shobha, to death and dumping her body in a well in Iritty in 2017

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER