പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

ആക്രി ശേഖരിക്കുന്ന ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു; 1500 രൂപ നൽകി ഒത്തുതീർപ്പ്
Scrap Collectors Dump Toddy
Scrap Collectors Dump Toddy
Edited By:
Updated on: 
1 min read

തലശ്ശേരി: ചെത്തുതൊഴിലാളി തെങ്ങിൽ കയറിയ തക്കം നോക്കി താഴെ സൂക്ഷിച്ചുവച്ചിരുന്ന കള്ള് നിലത്തൊഴുക്കിക്കളഞ്ഞ് പ്ലാസ്റ്റിക് കന്നാസുമായി സ്ഥലംവിട്ട അന്യസംസ്ഥാന ദമ്പതികൾ ഒടുവിൽ നാട്ടുകാരുടെയും പൊലീസിന്റെയും പിടിയിലായി. നഷ്ടപ്പെട്ട കള്ളിന്റെ മുഴുവൻ തുകയും ചെത്തുതൊഴിലാളിക്ക് നൽകിയ ശേഷമാണ് ദമ്പതികൾക്ക് തടിയൂരാനായത്. പിണറായിക്ക് സമീപം പെരളശ്ശേരി എടക്കടവിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

പെരളശ്ശേരി എടക്കടവിലെ തുണ്ടിക്കണ്ടി കെട്ടിൽ സ്ഥിരം ചെത്തുതൊഴിലാളിയായ പ്രകാശൻ രാവിലെ ചെത്തിയെടുത്ത കള്ള് ഷാപ്പിലേക്ക് മാറ്റാനായി 10 ലിറ്ററിന്റെ വലിയ പ്ലാസ്റ്റിക് കന്നാസിൽ നിറച്ച് താഴെ ചാലിൽ സുരക്ഷിതമായി വെച്ചിരുന്നു. തുടർന്ന് അടുത്ത തെങ്ങിൽ കള്ളെടുക്കാനായി പ്രകാശൻ മുകളിലേക്ക് കയറിയ സമയത്താണ് ആക്രി പെറുക്കാനായി അസം സ്വദേശികളായ ദമ്പതികൾ ആ വഴി എത്തിയത്.

ചാലിൽ അടച്ചുവെച്ച കന്നാസ് കണ്ട ഇവർ, അതിനുള്ളിലെ വിലയേറിയ കള്ളാണെന്ന് തിരിച്ചറിയാതെ അകത്തുണ്ടായിരുന്ന ദ്രാവകം മുഴുവൻ നിലത്തേക്ക് ഒഴുക്കിക്കളഞ്ഞു. ശേഷം ഒഴിഞ്ഞ പ്ലാസ്റ്റിക് കന്നാസുമായി ആക്രി ചാക്കിലിട്ട് സ്ഥലംവിടുകയായിരുന്നു. പ്രകാശൻ തെങ്ങിന് മുകളിലായിരിക്കെ തൊട്ടടുത്ത പറമ്പിലെത്തിയ മറ്റൊരു ചെത്തുതൊഴിലാളിയാണ് കള്ള് നിലത്തൊഴുക്കിയ നിലയിലും കന്നാസ് കാണാതായതായും കണ്ടെത്തിയത്.

വിവരമറിഞ്ഞ് തെങ്ങിൽനിന്ന് താഴെയിറങ്ങിയ പ്രകാശനും നാട്ടുകാരും ഉടൻതന്നെ തെരച്ചിൽ ആരംഭിച്ചു. തുടർന്ന് പിണറായി ടൗണിൽ സൈക്കിൾ റിക്ഷയിൽ പോവുകയായിരുന്ന ആക്രി ശേഖരിക്കുന്ന ദമ്പതികളെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഇവരുടെ ചാക്കിനുള്ളിൽ നിന്ന് പ്രകാശന്റെ പ്ലാസ്റ്റിക് കന്നാസ് കണ്ടെടുത്തത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിണറായി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും കള്ളാണെന്ന് മനസ്സിലായില്ലെന്നും ആക്രി കന്നാസാണെന്ന് കരുതിയാണ് എടുത്തതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് നഷ്ടപ്പെട്ട 10 ലിറ്റർ കള്ളിന്റെ വിലയായി 1,500 രൂപ ചെത്തുതൊഴിലാളിയായ പ്രകാശന് നൽകാൻ ദമ്പതികൾ തയ്യാറായതോടെ പരാതിയില്ലാതെ പ്രശ്നം രമ്യമായി പരിഹരിച്ച് ഇവരെ വിട്ടയച്ചു.

Summary

In a peculiar incident reported from Pinarayi near Thalassery, an itinerant migrant couple engaged in scrap collection inadvertently emptied 10 litres of freshly tapped toddy on the ground merely to salvage the plastic canister holding it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com