സ്വന്തം വീട്ടിന് മുന്നിൽ ഒറ്റമുറി ഷെഡിൽ; ജപ്തിയെ തുടർന്ന് ദുരിതജീവിതം നയിച്ച് മുൻ സംസ്ഥാന ത്രോബോൾ താരം

പ്രസവ അവധിയെടുത്തതോടെ ജോലിയും പിന്നീട് ത്രോബോൾ പരിശീലക ജോലിയും നഷ്ടപ്പെടുകയായിരുന്നു.
Throwball Player Ashwathi Family
Throwball Player Ashwathi Family
Edited By:
Updated on: 
1 min read

തളിപ്പറമ്പ്: സംസ്ഥാനത്ത് അടുത്തിടെ ചർച്ചയായ കൂവോട്ടെ ഉഷയുടെയും കുടുംബത്തിന്റെയും ദുരിതങ്ങൾക്ക് പിന്നാലെ, സമാനമായ മറ്റൊരു വേദനിപ്പിക്കുന്ന കാഴ്ചകൂടി തളിപ്പറമ്പിൽ നിന്ന് പുറത്തുവരുന്നു. ഒരുകാലത്ത് കേരളത്തിനായി ദേശീയ കോർട്ടിൽ തിളങ്ങിയ മുൻ സംസ്ഥാന ത്രോബോൾ താരവും കുടുംബവുമാണ് ജപ്തിയെ തുടർന്ന് അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിൽ ദുരിതജീവിതം നയിക്കുന്നത്. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയായ അശ്വതിയും കുടുംബവുമാണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം മാസങ്ങളായി ഈ ദയനീയാവസ്ഥയിൽ കഴിയുന്നത്.

പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭൻ സുനില (51), ഭർത്താവ് തോമസ് (56), മകൻ നിധിൻ (32), മരുമകൾ അശ്വതി (29), ഇവരുടെ മക്കളായ അകൃത (6), ആമിയ (2) എന്നിവരാണ് ഈ കുടുംബത്തിലുള്ളത്. ചണ്ഡിഗഡ്, ഡൽഹി, കൽക്കട്ട, ചെന്നൈ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഏഴ് വർഷത്തോളം കേരളത്തിനായി ത്രോബോൾ മത്സരങ്ങളിൽ മാറ്റുരച്ച താരമാണ് അശ്വതി. കണ്ണൂർ വിമൻസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മട്ടന്നൂർ കോളേജിൽ താൽക്കാലിക ജോലി നോക്കിയിരുന്നെങ്കിലും, പ്രസവ അവധിയെടുത്തതോടെ ആ ജോലിയും പിന്നീട് ത്രോബോൾ പരിശീലക ജോലിയും നഷ്ടപ്പെടുകയായിരുന്നു.

ജില്ലാ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കുടുംബം തോട്ടാറമ്പിൽ വീട് നിർമ്മാണം ആരംഭിച്ചത്. വീടിന്റെ പണി ഭാഗികമായി പൂർത്തിയായി താമസം തുടങ്ങുന്നതിനിടയിലാണ് ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ കുടുംബത്തിന് മേൽ പതിച്ചത്. തോമസും നിധിനും കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടയിൽ മരംമുറിക്കുന്നതിനിടയിൽ വീണ് കാലിന് ഗുരുതര പരിക്കേറ്റ നിധിനും, ഉറൂളിയിൽ നിന്ന് വിഷം തീണ്ടിയതിനെ തുടർന്ന് അവശനിലയിലായ തോമസും ചികിത്സയിലും വിശ്രമത്തിലുമായി. ഇതോടെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം നിലയ്ക്കുകയും ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് ജപ്തി നോട്ടീസ് എത്തിയതോടെ ബാങ്ക് അധികൃതർ വീട് പൂട്ടി സീൽ ചെയ്യുകയായിരുന്നു.

വീട് നഷ്ടപ്പെട്ടതോടെ പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബം അഭയം പ്രാപിച്ചത് വീടിനോട് ചേർന്നുള്ള അടച്ചുറപ്പില്ലാത്ത ഒരു ചെറിയ ഒറ്റമുറി ഷെഡിലാണ്. ആകെയുള്ളത് ഒരു കട്ടിൽ മാത്രമാണ്. പാത്രങ്ങളും മറ്റ് സാധനങ്ങളും അടക്കം ഇതേ മുറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. മഴയും വെയിലും ഇടിയും നേരിട്ട് സഹിച്ച് ദുരിതക്കയത്തിലാണ് ഈ കുടുംബത്തിന്റെ ഓരോ ദിവസവും തള്ളിനീങ്ങുന്നത്.

കുടുംബത്തിന്റെ ഈ ദയനീയാവസ്ഥ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കെ. സുധാകരൻ എം.പിയുടെയും ടി.കെ. ഗോവിന്ദൻ എംഎൽഎയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് അനുഭാവപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.

Summary

Thaliparamba Throwball Player Ashwathi Family Distress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER