ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം

45,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി 50 കിടക്കകൾ
Chattanchal Critical Care Unit
Chattanchal Critical Care Unit
Edited By:
Updated on: 
1 min read

കാസർകോട്: അത്യാഹിത ചികിത്സയ്ക്കായി അയൽ സംസ്ഥാനങ്ങളെയോ മറ്റ് ജില്ലകളെയോ ആശ്രയിക്കേണ്ടിവരുന്ന കാസർകോടിന്റെ ദീർഘകാല ദുരിതത്തിന് വിരാമമിട്ട് ചട്ടഞ്ചാലിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗുരുതര രോഗങ്ങൾക്കും അടിയന്തര ശസ്ത്രക്രിയകൾക്കും വിദഗ്ദ്ധ പരിചരണത്തിനുമായി മംഗലാപുരത്തെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളുമായി ഓടേണ്ടിവരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകും. കാസർകോട് ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായാണ് (അനക്സ്) ഈ അത്യാധുനിക ആതുരാലയം പ്രവർത്തിക്കുക.

ഹൈ ഡിപൻഡൻസി യൂണിറ്റ് (എച്ച്ഡിയു) സൗകര്യത്തോടെ സജ്ജമാകുന്ന കേരളത്തിലെ ആദ്യത്തെ ക്രിട്ടിക്കൽ കെയർ യൂണിറ്റാണ് ചട്ടഞ്ചാലിൽ ഉയരുന്നത് എന്നത് ഈ പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുൻപ് കോവിഡ് വ്യാപന കാലത്ത് ടാറ്റാ ട്രസ്റ്റിന്റെ സഹായത്തോടെ നിർമ്മിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. ഈ പദ്ധതി നാടിന് ലഭ്യമാക്കുന്നതിന് പിന്നിൽ മുൻ എംഎൽഎ സി.എച്ച്. കുഞ്ഞമ്പുവിന്റെ സജീവമായ ഇടപെടലുകളും പരിശ്രമങ്ങളും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎല്ലിനാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.

മൂന്ന് നിലകളിലായി 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ആശുപത്രി സമുച്ചയത്തിൽ 50 അത്യാധുനിക കിടക്കകളാണ് സജ്ജീകരിക്കുന്നത്. അത്യാഹിത വിഭാഗത്തിന് പുറമെ ഐസോലേഷൻ വാർഡുകൾ, അത്യാധുനിക ഐസിയു, ഓപ്പറേഷൻ തിയേറ്ററുകൾ, പൂർണ്ണസജ്ജമായ ലേബർ റൂം, ഡയാലിസിസ് യൂണിറ്റ്, നവജാത ശിശുക്കൾക്കുള്ള പ്രത്യേക പരിചരണ വിഭാഗം (ന്യൂബോൺ യൂണിറ്റ്), വെന്റിലേറ്ററുകൾ, ഡിജിറ്റൽ സ്കാനിങ് സൗകര്യങ്ങൾ, പൈപ്പ്‌ലൈൻ വഴി സെൻട്രലൈസ്ഡ് ഓക്സിജൻ ലഭ്യമാകുന്ന കിടക്കകൾ എന്നിവയെല്ലാം പുതിയ ബ്ലോക്കിൽ ഒരുക്കും. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള അടിയന്തര മഹാമാരി സാഹചര്യങ്ങളെ ശാസ്ത്രീയമായി നേരിടാൻ പ്രാപ്തമായ പ്രത്യേക ഐസൊലേഷൻ ക്രമീകരണങ്ങളും ഇവിടെയുണ്ടാകും.

കാസർകോട് ജില്ലാ പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ 23.50 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നത്. ഇതിനുപുറമെ, ആശുപത്രിയിലെ കിടത്തിച്ചികിത്സാ വിഭാഗത്തിന്റെയും (ഐപി) ഒപി സമുച്ചയങ്ങളുടെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) വഴി 4.05 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കി ആശുപത്രി പ്രവർത്തനക്ഷമമാകുന്നതോടെ കാസർകോട് ജില്ലയുടെ പൊതുജനാരോഗ്യ മേഖലയിലെ സുവർണ്ണ അധ്യായമായി ചട്ടഞ്ചാൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് മാറും.

Summary

Paving the way for a transformative upgrade in Kasaragod's public healthcare infrastructure, the construction of a state-of-the-art Critical Care Unit at Chattanchal is progressing at a rapid pace

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com