കാഞ്ഞങ്ങാട്: കർണാടകയുടെ എതിർപ്പുകളെ തുടർന്ന് വർഷങ്ങളായി അനിശ്ചിതത്വത്തിലായ കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ പാത പദ്ധതിക്ക് ജീവൻ നൽകാൻ വീണ്ടും ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടുനിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ അധികാരത്തിലുള്ളത് പദ്ധതി യാഥാർത്ഥ്യമാക്കാൻ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുമെന്നാണ് നിവേദക സംഘത്തിന്റെ പ്രതീക്ഷ. വിഷയത്തിൽ അനുയോജ്യമായ ഇടപെടലുകൾ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
2014–15 കാലയളവിലാണ് കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ പാതയുടെ സർവേയ്ക്കായി റെയിൽവേ അനുമതി ലഭ്യമാക്കിയത്. നിലവിൽ റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ള ഈ പാതയ്ക്ക് ആകെ 91 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 40 കിലോമീറ്റർ കേരളത്തിലൂടെയും 41 കിലോമീറ്റർ കർണാടകത്തിലൂടെയുമാണ് കടന്നുപോകുന്നത്. മുൻപ് നടത്തിയ റെയിൽവേ സർവേയിൽ പാത ലാഭകരമാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും, കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ എതിർപ്പും നിസ്സഹകരണവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്.
ചെലവിന്റെ പകുതി തുക വഹിക്കുന്നതുമായി ബന്ധപ്പെട്ടും സ്ഥലമേറ്റെടുപ്പ് വിഹിതം കൃത്യമായി വ്യക്തമാക്കുന്നതിലും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപര്യാപ്തതകളും പദ്ധതി വൈകാൻ കാരണമായി. നിർദ്ദിഷ്ട പാത കടന്നുപോകുന്നത് പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയാണെന്ന കർണാടകത്തിന്റെ വാദം തെറ്റാണെന്നും, പ്രദേശങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നവയല്ലെന്നും പിന്നീട് അധികൃതർ കണ്ടെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനൊപ്പം ചെലവ് പങ്കിടുന്നത് സംബന്ധിച്ച് കേരളം പുതിയ കത്ത് നൽകേണ്ടിവരും.
കാസർകോടിന്റെയും മലബാറിന്റെയും യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നാണ് യുഡിഎഫ് സംഘം ആവശ്യപ്പെട്ടത്. കേന്ദ്ര–കർണാടക സർക്കാറുകളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യു.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ കൺവീനറുമായ ബഷീർ വെള്ളിക്കോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി. ജാഫർ, മുനിസിപ്പൽ പ്രസിഡന്റും നാഷണൽ കൗൺസിൽ അംഗവുമായ കെ. മുഹമ്മദ് കുഞ്ഞി, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
നിലവിൽ കാഞ്ഞങ്ങാട്ടുനിന്ന് ബെംഗളൂരുവിലേക്ക് മംഗളൂരു വഴി എത്തിച്ചേരാൻ പത്തുമണിക്കൂറിലേറെ യാത്ര ചെയ്യേണ്ടതുണ്ട്. പുതിയ പാത വന്നാൽ 7 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ എത്താൻ സാധിക്കും. കൂടാതെ ഏകദേശം 200 കിലോമീറ്റർ യാത്രാദൂരവും ലാഭിക്കാം. ചരക്കുനീക്കവും അതിവേഗത്തിലാകും.
തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക തുടങ്ങിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും, കർണാടകയിൽനിന്ന് കൊട്ടിയൂർ, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്കും എത്തുന്ന തീർത്ഥാടകർക്ക് യാത്ര ഏറെ എളുപ്പമാകും. കൂടാതെ മലയോര ഹൈവേ വഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന റാണിപുരം ടൂറിസം കേന്ദ്രത്തിനും പദ്ധതി വലിയ ഉത്തേജനം നൽകും. പാലക്കാട് ഡിവിഷന് നഷ്ടപ്പെട്ട മുൻകാല പ്രതാപം വീണ്ടെടുക്കാനും പാത സഹായകരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates