

കാസർകോട്: നെറ്റിപ്പട്ടം ചാർത്തി നിൽക്കുന്ന ഗജവീരൻ മലയാളികൾക്ക് എന്നും ഐശ്വര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണ്. അമ്പലമുറ്റങ്ങളിൽ ഉത്സവങ്ങളുടെ അലങ്കാരമായി മാത്രം കണ്ടിരുന്ന ആ ആനച്ചന്തത്തെ സ്വീകരണമുറികളിലെ അലങ്കാര വിസ്മയമാക്കി മാറ്റുകയാണ് കാസർകോട് പൊയിനാച്ചി സ്വദേശിനിയും ചിത്രകലാ അധ്യാപികയുമായ ശ്രീചിത്ര. പരമ്പരാഗത ശൈലിയുടെ തനിമ തെല്ലും ചോരാതെ, കവിത പോലെ മനോഹരമായി നെറ്റിപ്പട്ടങ്ങൾ തുന്നിയെടുത്തും പതിപ്പിച്ചും കരവിരുതിന്റെ പുതിയൊരു ലോകം തീർക്കുകയാണ് ഈ യുവകലാകാരി.
മഹാത്മാഗാന്ധി സർവ്വകലാശാലയിൽനിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (എംഎഫ്എ) ഒന്നാം റാങ്കോടെ വിജയിച്ച ശ്രീചിത്ര കഴിഞ്ഞ പത്തുവർഷമായി നെറ്റിപ്പട്ട നിർമ്മാണ രംഗത്ത് സജീവമാണ്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ട നെറ്റിപ്പട്ടങ്ങളോടുള്ള അടങ്ങാത്ത കൗതുകമായിരുന്നു ഈ കലയിലേക്കുള്ള വഴിത്തിരിവ്. ആരുടെയും ഔപചാരികമായ ശിക്ഷണമില്ലാതെ, സ്വന്തം പരിശ്രമത്തിലൂടെയും യൂട്യൂബ് വിഡിയോകൾ നിരന്തരം കണ്ടുമാണ് ഈ നിർമ്മാണ രീതി അവർ സ്വായത്തമാക്കിയത്. കട്ടിയുള്ള പ്രത്യേക ബോർഡുകൾ, സ്വർണ്ണവും വെള്ളിയും പൂശിയ ലോഹ ഗോളങ്ങൾ, ചന്ദ്രക്കല, ഗണപതിമുദ്ര, വിവിധയിനം അലങ്കാരക്കല്ലുകൾ, വർണ്ണമുത്തുകൾ, മയിൽപ്പീലി എന്നിവ കൃത്യമായ അളവിലും നേർരേഖയിലും വിന്യസിച്ചാണ് ഓരോ നെറ്റിപ്പട്ടവും നിർമ്മിക്കുന്നത്. അതീവ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള ഒരു നെറ്റിപ്പട്ടം പൂർത്തിയാക്കാൻ ഒരു ആഴ്ചയോളം കഠിനാധ്വാനം വേണ്ടി വരും.
നെറ്റിപ്പട്ട നിർമ്മാണത്തിലെ പാരമ്പര്യ ചിട്ടവട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഓരോ നിർമ്മിതിയും ഒരുക്കുന്നത്. ഉത്സവങ്ങൾക്ക് ആനകൾക്ക് ചാർത്താനുള്ളവ തുണിയിൽ കുമിളകൾ ഓരോന്നായി തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ വീടുകളിൽ ഭിത്തികളിൽ തൂക്കുന്നതിനായി തയ്യാറാക്കുന്നവയിൽ പശ പുറത്തുകാണാത്ത രീതിയിൽ കുമിളകൾ കൃത്യമായ അകലത്തിൽ നേർരേഖയിൽ ഒട്ടിച്ചുറപ്പിക്കുന്നു. കറുപ്പ് ഒഴികെ മറ്റേതൊരു ആകർഷകമായ നിറത്തിലുള്ള തുണികളും നൂലുകളും ഇതിനായി ഉപയോഗിക്കാറുണ്ട്. വലിയ വിപണി സാധ്യതയുള്ള മികച്ചൊരു സ്വയംതൊഴിൽ മാർഗ്ഗവും ആത്മാവിഷ്കാരത്തിനുള്ള മാധ്യമവുമാക്കി ഈ കരകൗശല കലയെ ശ്രീചിത്ര മാറ്റിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates