കാസർകോട്: വനാതിർത്തികളിൽ പതിവാകുന്ന വന്യമൃഗ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും പ്രാദേശിക കർഷകരുടെ ജീവനോപാധി വർദ്ധിപ്പിക്കുന്നതിനുമായി വനംവകുപ്പ് പുതിയ കാർഷിക പ്രതിരോധ പദ്ധതിക്ക് തുടക്കമിട്ടു. വന്യമൃഗങ്ങൾ അതിക്രമിച്ചു കയറുന്ന അതിർത്തി മേഖലകളിൽ അവയ്ക്ക് താല്പര്യമില്ലാത്ത വിളകൾ പരീക്ഷിച്ച് വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാണിപുരത്തെ നാല് ഏക്കർ വനഭൂമിയിൽ വനംവകുപ്പ് മഞ്ഞൾ കൃഷി ആരംഭിച്ചിരിക്കുന്നത്. വനാതിർത്തികളിൽ പരിസ്ഥിതി സൗഹൃദപരമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി റാണിപുരം വനസംരക്ഷണ സമിതിയാണ് ഈ വേറിട്ട പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
വനംവകുപ്പ് ആവിഷ്കരിച്ച കാർഷിക പുനരുജ്ജീവനവും വന്യജീവി സംഘർഷ ലഘൂകരണവും എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി. വനാതിർത്തികളിലെ ഈർപ്പമുള്ള സൂക്ഷ്മകാലാവസ്ഥയിൽ മഞ്ഞൾ കൃഷി വളരെ വേഗത്തിൽ തഴച്ചുവളരും. സാധാരണയായി ജനവാസ മേഖലകളിലിറങ്ങി കർഷകരുടെ ഉറക്കം കെടുത്തുന്ന കാട്ടാനകളും കാട്ടുപന്നികളും മഞ്ഞൾ കൃഷിയുള്ള ഇടങ്ങൾ പൂർണ്ണമായി ഒഴിവാക്കാറാണ് പതിവ്. മഞ്ഞളിന്റെ പ്രത്യേക ഗന്ധവും രുചിയും കാരണം വന്യമൃഗങ്ങൾ ഈ വിളകൾ നശിപ്പിക്കാൻ മുതിരില്ല. ഇത് വനാതിർത്തികളിലെ കൃഷിനാശവും മനുഷ്യ-മൃഗ സംഘർഷങ്ങളും വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, വനത്തിനോട് ചേർന്നുള്ള ബഫർ സോണുകളിലെ മണ്ണൊലിപ്പ് തടയാനും മഞ്ഞൾ കൃഷിയിലൂടെ സാധിക്കുമെന്നത് പദ്ധതിയുടെ മറ്റൊരു ഗുണമാണ്
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മഞ്ഞൾ കൃഷി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു മുഖ്യാതിഥിയായിരുന്നു. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനാതിർത്തികളിലെ മറ്റ് കർഷകരിലേക്കും ഈ മാതൃകാ കൃഷിരീതി വ്യാപിപ്പിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates