കാസർകോട്: കാസർകോട് നഗരത്തിലും വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് അടിയന്തര ശാശ്വത പരിഹാരമെന്നോണം ദേശീയപാത 66-ൽ (NH 66) പുതിയ പ്രവേശന കവാടം വരുന്നു. നുള്ളിപ്പാടിയിൽ പുതിയ കവാടം അനുവദിച്ച് വാഹനങ്ങളെ കടത്തിവിടാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ശനിയാഴ്ച ഈ പ്രദേശം നേരിട്ട് സന്ദർശിക്കുകയും പ്രായോഗിക വശങ്ങൾ വിലയിരുത്തുകയും ചെയ്തു.
പുള്ളിപ്പാടിയിൽ പ്രവേശന കവാടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ജില്ലാ ഭരണകൂടത്തിന് മുൻപ് നിവേദനങ്ങൾ നൽകിയിരുന്നു. നഗരസഭാ അധ്യക്ഷ ഷാഹിന സലിം, കാസർകോട് എം.എൽ.എ കല്ലാട്ര മാഹിൻ ഹാജി എന്നിവരും ഈ വിഷയം കളക്ടറുടെ ഔദ്യോഗിക ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ആർടിഒ , പൊലീസ്, പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ദേശീയപാത നിർമ്മാണ ഏജൻസി എന്നിവരടങ്ങിയ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ കളക്ടർ കർശന നിർദ്ദേശം നൽകിയത്.
8 കിലോമീറ്ററോളം മറ്റ് കവാടങ്ങളില്ല; കുരുക്ക് മുറുകാൻ കാരണം
ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള നിലവിലെ സർവീസ് റോഡുകൾ പ്രധാന പാതയുടെ അതേ ഉയരത്തിലേക്ക് ഉയർത്തി പുതിയ പ്രവേശന കവാടം അനുവദിക്കുന്നത് ഗതാഗത നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദവും പ്രായോഗികവുമാണെന്ന് സമിതി നടത്തിയ ഔദ്യോഗിക പരിശോധനയിൽ കണ്ടെത്തി.
നിലവിൽ ചൗക്കി അണ്ടർപാസിന് ശേഷമുള്ള പ്രവേശന കവാടം കഴിഞ്ഞാൽ പിന്നെ വിദ്യാനഗർ വരെ ഏകദേശം എട്ട് കിലോമീറ്ററോളം ദൂരത്തിൽ ദേശീയപാതയിലേക്ക് കയറാൻ മറ്റ് ബദൽ കവാടങ്ങളൊന്നുമില്ല. ഇതിനാൽ ദേശീയപാതയിലൂടെ നേരിട്ട് പോകേണ്ട ദീർഘദൂര വാഹനങ്ങൾ പോലും കാസർകോട് നഗരത്തിലൂടെ പൂർണ്ണമായി കടന്നുപോകാൻ നിർബന്ധിതരാവുകയാണ്. ഇത് പുതിയ ബസ് സ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തി.
ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം സമർപ്പിച്ചു
വിദഗ്ദ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ടിന്റെയും ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ പ്രത്യേക ശുപാർശയുടെയും അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ണൂർ പ്രോജക്ട് ഡയറക്ടർ ഇത് സംബന്ധിച്ച അന്തിമ നിർദ്ദേശം എൻഎച്ച്എഐ കേരള റീജിയണൽ ഓഫീസർക്ക് സമർപ്പിച്ചതായി കളക്ടറുടെ ഓഫീസിൽ നിന്നും അറിയിച്ചു. പുതിയ പ്രവേശന കവാടം അനുവദിക്കുന്നതിനായി നിലവിലുള്ള പാർശ്വഭിത്തികളും കനാലുകളും പുനഃക്രമീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള സാങ്കേതികവും ഭരണപരവുമായ അനുമതികൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates