

കാസർകോട്: ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചുകൊണ്ട് നിയമവകുപ്പ് പുറത്തിറക്കിയ പട്ടികയെച്ചൊല്ലി കോൺഗ്രസിൽ രൂക്ഷമായ ഭിന്നത. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ലോയേഴ്സ് കോൺഗ്രസ് നേതൃത്വവും ശുപാർശ ചെയ്ത ആരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
സിപിഎം അനുകൂല അഭിഭാഷക സംഘടനയുമായി ബന്ധമുള്ള വിദ്യാധരൻ നമ്പ്യാരെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് യൂത്ത് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകാൻ കാരണമായത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഡി.സി.സി.യുടെ ശുപാർശകൾ പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്ന് യുവജന വിഭാഗം കുറ്റപ്പെടുത്തി. അടുത്തിടെ പുറത്തിറക്കിയ നിയമന പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് കെആർ കാർത്തികേയൻ കെപിസ.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിനും മുഖ്യമന്ത്രി വിഡി സതീശനും പരാതി നൽകി.
ഡിസിസി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളെ ഒഴിവാക്കിയത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയതായി പരാതിയിൽ പറയുന്നു. കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ശ്രീജിത്ത് മാടക്കൽ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു കൃഷ്ണ, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡന്റ് സുധാകർ റായ്, യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം മുൻ പ്രസിഡന്റ് ശ്യാം കുമാർ എന്നിവരെയാണ് തഴഞ്ഞതെന്നാണ് ആരോപണം.
കൂടിയാലോചനകളില്ലാതെ പട്ടിക തയ്യാറാക്കിയതിനാൽ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് പരിഗണിക്കേണ്ടിയിരുന്നവരെ അഡീഷണൽ പട്ടികയിൽ ഉൾപ്പെടുത്തിയതായും, ഇത് അർഹരായ രണ്ട് പേരുടെ അവസരം നഷ്ടപ്പെടുത്തിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ ഉൾപ്പെട്ട ഒരാൾ സി.പി.എം. അനുകൂല അഭിഭാഷക സംഘടനാംഗമാണെന്നും മറ്റൊരാൾ പാലക്കാട് സ്വദേശിയാണെന്നും കത്തിൽ ആരോപിക്കുന്നു. നിയമനം ലഭിച്ചവരിൽ രണ്ട് പേർ ഗൾഫിലായിരുന്നെന്നും നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയതെന്നും, നിയമിക്കപ്പെട്ട ആരും തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, വിദ്യാധരൻ നമ്പ്യാരെ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചതിനെ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ന്യായീകരിച്ചു. "ഡി.സി.സി. സമർപ്പിച്ച പട്ടിക പരിശോധിച്ചപ്പോൾ വിദ്യാധരൻ നമ്പ്യാരുടെ പേര് മൂന്നാം സ്ഥാനത്തായിരുന്നു. ഉദുമയിലെ ബൂത്ത് ലെവൽ ഏജന്റായിരുന്ന അദ്ദേഹം അവിടെയുള്ള ഒരു കോൺഗ്രസ് കുടുംബാംഗമാണ്," ഉണ്ണിത്താൻ പറഞ്ഞു. തങ്ങൾക്ക് സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ പദവികൾ ലഭിച്ചവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനിൽ (എഐഎൽയു) തനിക്ക് അംഗത്വമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന രേഖകളോട് വിദ്യാധരൻ നമ്പ്യാരും പ്രതികരിച്ചു. "ഞാൻ കാസർകോട് ബാർ അസോസിയേഷനിലെയും കോൺഗ്രസ് അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ കാസർകോട് യൂണിറ്റിലെയും അംഗമാണ്. എ.ഐ.എൽ.യു. ഹൊസ്ദുർഗ് യൂണിറ്റിൽ എനിക്ക് അംഗത്വമുണ്ടെന്ന് അവകാശപ്പെടുന്ന രേഖ വ്യാജവും ദുരുദ്ദേശ്യപരമായി സൃഷ്ടിച്ചതുമാണ്," അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates