അധികൃതരുടെ അനാസ്ഥ; കാസർകോട് ചട്ടഞ്ചാലിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം കാടുമൂടി നശിക്കുന്നു

44 കുടുംബങ്ങൾക്ക് സുരക്ഷിതമായി അത്താണി ഉറപ്പാക്കാനാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ സമുച്ചയം വിഭാവനം ചെയ്തത്
Life Mission
Life Mission
Edited By:
Updated on: 
1 min read

കാസർകോട്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കാറായ ഭവനസമുച്ചയം അധികൃതരുടെ അനാസ്ഥയെ തുടർന്ന് കാടുമൂടി നശിക്കുന്നു. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാൽ മൊട്ടയിൽ 6.50 കോടി രൂപ ചെലവിൽ 90 ശതമാനത്തോളം പണി പൂർത്തിയാക്കിയ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയമാണ് വേണ്ടത്ര സംരക്ഷണമില്ലാതെ അനാഥകേന്ദ്രമായി മാറുന്നത്. കെട്ടിടത്തിന്റെ ജനാലകളും ഏണിപ്പടികളുമടക്കം നശിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ അവസാനഘട്ട ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തത് കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണെന്നാണ് പ്രധാന ആക്ഷേപം. ഫ്ലാറ്റിന് ചുറ്റുമുള്ള കാടുപോലും വെട്ടിമാറ്റാത്തതിനാൽ പാമ്പും മറ്റ് ഇഴജന്തുക്കളും ഇവിടെ താവളമാക്കിയിരിക്കുകയാണ്.

ഫ്ലാറ്റിന്റെ പ്ലമ്പിംഗ്, ബൾബ്, ഫാൻ ഘടിപ്പിക്കൽ, ഇലക്ട്രിക്കൽ റാമ്പ്, ജലസൗകര്യം ലഭ്യമാക്കൽ തുടങ്ങിയ അവസാനഘട്ട പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിർമ്മാണ സാമഗ്രികളുടെ വില വർധിച്ചതു കാരണം കരാർ പുതുക്കി തുക കൂട്ടിനൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യത്തിൽ സർക്കാരുകളുടെ ഭാഗത്തുനിന്ന് തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ വ്യക്തമാക്കുന്നുണ്ടെങ്കിലും ദുരിതം പേറുന്നത് അർഹരായ ഗുണഭോക്താക്കളാണ്.

44 കുടുംബങ്ങൾക്ക് സുരക്ഷിതമായി അത്താണി ഉറപ്പാക്കാനാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ സമുച്ചയം വിഭാവനം ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് എൽജിഎസ്എഫ് - പ്രീഫാബ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് 50 സെന്റ് സ്ഥലത്ത് നാലുനിലകളിലായി ഈ കെട്ടിടം നിർമിച്ചത്. വെള്ളപ്പൊക്കത്തെയും ഭൂകമ്പത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ നിർമ്മിതി.26,848 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 511 ചതുരശ്ര അടി വിസ്തീർണമുള്ള 44 വ്യക്തിഗത ഫ്ലാറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ബാൽക്കണി, ശുചിമുറി എന്നിവയ്ക്ക് പുറമെ അങ്കണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, സിക്ക് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ വിഭാവനം ചെയ്തിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തവരും വാസയോഗ്യമല്ലാത്ത ഭവനമുള്ളവരും തീരദേശ-തോട്ടം മേഖലകളിലെ പുറമ്പോക്കുകളിൽ കഴിയുന്നവരുമാണ് ഇതിന്റെ ഗുണഭോക്താക്കൾ. കോവിഡ് വ്യാപനവും തുടർന്നുണ്ടായ പ്രതിസന്ധികളും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവപ്പെട്ടവരുടെ സ്വപ്ന സാക്ഷാത്കാരമായ ഈ ഭവന സമുച്ചയം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് കൈമാറണമെന്നാണ് നാട്ടുകാരുടെയും ഗുണഭോക്താക്കളുടെയും ആവശ്യം.

Summary

The Life Mission flat complex at Bendichalmotta in Chettanchal, Kasaragod, constructed to provide homes for 44 impoverished families, has been reduced to an abandoned and overgrown ruin due to administrative apathy and contractual delays

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER