ചന്തേര എംഡിഎംഎ കേസ്; ഐവറി കോസ്റ്റ് പൗരൻ നോയ്ഡയിൽ അറസ്റ്റിൽ; ആസൂത്രണം കണ്ണൂർ സെൻട്രൽ ജയിലിൽ

വലയിലാക്കിയത് ശാസ്ത്രീയ ബാങ്ക്-വാട്സ്ആപ്പ് പരിശോധനയിലൂടെ
Chandera-MDMA-Case-Arrest
Chandera-MDMA-Case-Arrest
Edited By:
Updated on: 
1 min read

കാസർകോട്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ എംഡിഎംഎ കേസിൽ അന്തർസംസ്ഥാന-രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാനിയായ ആഫ്രിക്കൻ സ്വദേശിയെ കാസർകോട് പൊലീസ് സാഹസികമായി പിടികൂടി. പശ്ചിമാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റ് പൗരൻ ജീൻ പിയർ സെറി (35) ആണ് ഉത്തർപ്രദേശിലെ നോയ്ഡയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ലഹരി വിപണിയിൽ 'സാമുവൽ ഓസ്റ്റൻ' എന്ന വ്യാജപ്പേരിൽ അറിയപ്പെടുന്ന ഇയാൾ ഡൽഹി-നോയ്ഡ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്നുകൾ മൊത്തമായി എത്തിച്ചുനൽകുന്ന റാക്കറ്റിലെ മുഖ്യ സൂത്രധാരനാണെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി മുഖ്യമന്ത്രി വിഡി സതീശന് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട കേസിലാണ് നിർണായക അറസ്റ്റ് നടന്നിട്ടുള്ളത്.

കണ്ണൂർ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ചാണ് ഈ വൻ ലഹരി ഇടപാടിന്റെ വേരുകൾ രൂപപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കാലിക്കടവിൽ വെച്ച് മയക്കുമരുന്നുമായി പിടിയിലായ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദീൻ, കാസർകോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ, ഘാന സ്വദേശി വിക്ടർ ഡിസാബ എന്നിവർ വിവിധ കുറ്റകൃത്യങ്ങളിൽ റിമാൻഡിലായി കണ്ണൂർ സെൻട്രൽ ജയിലിൽ ഒരുമിച്ച് കഴിഞ്ഞവരാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ ലഹരിക്കടത്ത് കൂടുതൽ വിപുലമാക്കാൻ തീരുമാനിക്കുകയായിരുന്നു. കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിൽ കഴിഞ്ഞിരുന്ന ഘാന സ്വദേശി വിക്ടർ ഡിസാബ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൈനുൽ ആബിദീനുമായി ലഹരി ഇടപാടുകൾ നടത്തിയത്. തുടർന്ന് വിക്ടർ തന്റെ സുഹൃത്തും നോയ്ഡയിലുള്ള പ്രധാന വിതരണക്കാരനുമായ ജീൻ പിയർ സെറിയെ ബന്ധപ്പെടുത്തി കൊടുക്കുകയായിരുന്നു.

വൻതോതിലുള്ള പണമിടപാടുകൾ മറച്ചുവെക്കാൻ അതീവ തന്ത്രപരമായ വഴികളാണ് സംഘം സ്വീകരിച്ചിരുന്നത്. മയക്കുമരുന്നിന്റെ പണം സ്വീകരിക്കാൻ മിസോറം സ്വദേശിനിയായ ഒരു യുവതിയുടെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് വിവരങ്ങളാണ് സാമുവൽ ഓസ്റ്റൻ കൈമാറിയത്. സൈനുൽ ആബിദീൻ തന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. ഈ പണം നോയ്ഡയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് സാമുവൽ ഓസ്റ്റന്റെ നിർദ്ദേശപ്രകാരം പിൻവലിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സാമ്പത്തിക ഇടപാടുകളും വാട്സ്ആപ്പ് ചാറ്റുകളും മാസങ്ങളോളം നീണ്ട സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാണ് പൊലീസ് സംഘം നോയ്ഡയിലെത്തി പ്രതിയെ വലയിലാക്കിയത്. കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്ന വിതരണ ശൃംഖലയുടെ ഉറവിടം തന്നെ തകർക്കാൻ കഴിഞ്ഞത് ലഹരിവിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Summary

In a major breakthrough dismantling an interstate-cum-transnational narcotics syndicate, the Kasargod District Police arrested an Ivory Coast national from Noida, Uttar Pradesh, for supplying commercial quantities of synthetic drug MDMA to Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com