ശൈലേഷ് ഇന്ന് നാട്ടിലെ 'ബെല്ലാരി രാജ'; ചാർട്ടേഡ് അക്കൗണ്ടൻസി ഉപേക്ഷിച്ച യുവാവ് പോത്തുവളർത്തലിൽ നേടിയത് കോടികളുടെ വിജയഗാഥ

വൈറ്റ് കോളർ ജോലികൾക്ക് പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് മാതൃകയായി പെരിയാട്ടടുക്കത്തെ ഈ സ്റ്റോക്ക് സംരംഭകൻ.
Sailesh_karagod
Sailesh_karagodSpecial Arrangement
Updated on
2 min read

ഉദുമ: വൈറ്റ്‌ക്കോളർ ജോലി സ്വപ്നം കണ്ട് ജീവിതം പാഴാക്കുന്ന പുതുതലമുറയ്ക്ക് സ്വയംസംരംഭകത്വത്തിന്റെ അനന്തസാധ്യതകൾ പകർന്നു നൽകുകയാണ് കാസർകോട് പെരിയാട്ടടുക്കത്തെ ശൈലേഷ് കൃഷ്ണൻ. ബിരുദ പഠനത്തിന് ശേഷം സിഎ (ചാർട്ടേഡ് അക്കൗണ്ടൻസി) എന്ന കരിയർ സ്വപ്നം കണ്ടിരുന്ന ഈ യുവാവ്, അക്കൗണ്ട് ബുക്കുകൾക്ക് പകരം ഫാമിലെ കണക്കുപുസ്തകങ്ങൾ തിരഞ്ഞെടുത്തപ്പോൾ പിറന്നത് യുവതലമുറയ്ക്ക് മാതൃകയാക്കാവുന്ന വേറിട്ടൊരു വിജയകഥയാണ്. പെരിയാട്ടടുക്കം മുനിക്കലിലെ ശൈലേഷ് കൃഷ്ണൻ ഇന്ന് കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ലൈവ് സ്റ്റോക്ക് സംരംഭകനാണ്. ഹരിയാനയിലെ കരുത്തരായ 'മുറ' പോത്തുകളെ കാസർകോടൻ മണ്ണിലെത്തിച്ച് ശൈലേഷ് നാട്ടിലെ ഫാം മേഖലയിൽ വലിയൊരു വിപ്ലവം തന്നെയാണ് സൃഷ്ടിക്കുന്നത്.

Sailesh_karagod
ആഴങ്ങൾക്കും ഉയരങ്ങൾക്കും മീതെ ആയംകടവ്; ഇത് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം

വഴിത്തിരിവായ സൗഹൃദവും ഹരിയാനയിലെ 'മുറ' പോത്തുകളും

സിഎ പഠനത്തിനായി കൊച്ചിയിൽ ആയിരിക്കുമ്പോഴാണ് ബാലരാമപുരത്ത് ആട് ഫാം നടത്തുന്ന ഇഹലാമുദ്ദീനെ ശൈലേഷ് പരിചയപ്പെടുന്നത്. ആ പരിചയവും സൗഹൃദവും ശൈലേഷിന്റെ ചിന്താഗതിയെ പൂർണ്ണമായി മാറ്റിമറിച്ചു. വൈകാതെ പഠനം ഉപേക്ഷിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനായി മുംബൈയിലേക്ക് പോയ അദ്ദേഹം മൂന്നു വർഷത്തോളം അവിടെ തങ്ങി. തുടർന്ന് നാട്ടിൽ തിരിച്ചുവന്ന് തന്റെ ലക്ഷ്യം മനസ്സിൽ ഉറപ്പിച്ച ശേഷം രാജസ്ഥാനിലേക്ക് തിരിച്ചു. അവിടെനിന്ന് പഞ്ചാബ് ബീറ്റൻ, ജംനാപ്യാരി തുടങ്ങിയ സങ്കരയിനം ആടുകളെ നാട്ടിലെത്തിച്ച് 'ഏദൻ ഗോട്ട് ഫാം' ആരംഭിച്ചു. തുടർന്ന് 2020-ലെ കോവിഡ് കാലത്ത് ആടുവില്പന തഴച്ചുവളർന്നതോടെ സംരംഭം വിപുലീകരിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

Sailesh in farm
Sailesh in farmSailesh in farm

രാജസ്ഥാനിലെ സൗഹൃദങ്ങൾ വഴിയാണ് ഹരിയാനയിലെ പ്രശസ്തമായ 'മുറ' ഇനം പോത്തുകളെക്കുറിച്ച് ശൈലേഷ് അറിയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭാരം വെക്കുന്നതും ഒപ്പം ശാന്തസ്വഭാവക്കാരുമായ ഇവയ്ക്ക് കേരളത്തിൽ വലിയ വിപണിയുണ്ടെന്ന് ശൈലേഷ് തിരിച്ചറിഞ്ഞു. ഇതോടെ ആടുവളർത്തൽ നിർത്തി അദ്ദേഹം പൂർണ്ണമായും പോത്തുഫാമിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. വർഷം 2022-ൽ ദേവൻപൊടിച്ചപാറയിലെ രണ്ടേക്കർ ഭൂമിയിൽ വെറും 50 കിടാരികളുമായി തുടങ്ങിയ ഫാം ഇന്ന് 'ബേക്കൽ ലൈവ് സ്റ്റോക്ക് മാർക്കറ്റ്' എന്ന പേരിൽ ഏറെ പ്രശസ്തമാണ്. ഇപ്പോൾ മാസത്തിൽ ശരാശരി നൂറോളം പോത്തുകിടാരികളാണ് ഹരിയാനയിൽ നിന്ന് മാത്രം ഈ ഫാമിലേക്ക് എത്തുന്നത്.

Sailesh_karagod
ചെത്തി ജീവിക്കാം, രാജകീയമായി! മാസവരുമാനം 80,000; കള്ള് ചെത്തിൽ വിപ്ലവം തീർത്ത് ഷിബു

തൂക്കം നോക്കി വില്പന; മറ്റ് ജില്ലകളിലേക്കും വിപണി

അനാവശ്യമായ മോഹവില ഈടാക്കാതെ തികച്ചും സുതാര്യമായ രീതിയിലാണ് ശൈലേഷിന്റെ ബിസിനസ്സ് മുന്നോട്ട് പോകുന്നത്. കിലോഗ്രാമിന് അന്നന്നത്തെ വിലനിലവാരം അനുസരിച്ച് കൃത്യമായി തൂക്കം കണക്കാക്കിയാണ് ഇവിടെ വിൽപന നടത്തുന്നത്. 150 മുതൽ 200 കിലോ വരെ തൂക്കമുള്ള ഒരു വയസ്സായ കിടാരികളെയാണ് പ്രധാനമായും ഹരിയാനയിൽ നിന്ന് ഫാമിൽ എത്തിക്കുന്നത്. നല്ല രീതിയിൽ പരിപാലിച്ചാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഇവ 400 കിലോയ്ക്ക് മുകളിൽ ഭാരം വെക്കും. അതുകൊണ്ടുതന്നെ പെരുന്നാൾ, ഓണം തുടങ്ങിയ പ്രധാന സീസൺ സമയങ്ങളിൽ ഇവയ്ക്ക് വിപണിയിൽ നിന്ന് മികച്ച ലാഭം ലഭിക്കുന്നുണ്ട്.

Sailesh_karagod
മാസം 20 ലക്ഷം വിറ്റുവരവ്! കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം തീർത്ത് കാസർകോട് സ്വദേശി സച്ചിൻ പൈ

നിലവിൽ കാസർകോട് ജില്ലയിൽ മാത്രമല്ല, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ ജില്ലകളിലേക്കും ശൈലേഷിന്റെ ഫാമിൽ നിന്നുള്ള പോത്തുകൾ എത്തുന്നുണ്ട്. ഹരിയാനയിൽ നിന്ന് കൊണ്ടുവരുന്ന കിടാരികളെ കൃത്യമായി പരിപാലിക്കാൻ രാജസ്ഥാനിലെ പുഷ്കറിലും ശൈലേഷിന് സ്വന്തമായി ഫാമും പ്രത്യേക ജോലിക്കാരുമുണ്ട്. കൂടാതെ നാട്ടിലെ ഫാമിൽ പോത്തുകളുടെ ദൈനംദിന പരിപാലനത്തിന് ശൈലേഷിനെ സഹായിക്കാൻ മറ്റൊരാൾ കൂടിയുണ്ട്. മുനിക്കലിലെ കെ.വി. കൃഷ്ണന്റെയും സരളകുമാരിയുടെയും മകനായ ശൈലേഷ് വലിയ സ്വപ്നങ്ങളില്ലാതെ തുടങ്ങിയ ഈ ഫാം ഇന്ന് ഒരു നാടിന് തന്നെ വലിയ മാതൃകയാണ്. ബിരുദധാരികളായ യുവാക്കൾ വൈറ്റ് കോളർ ജോലികൾക്കായി അലയുന്ന ഇക്കാലത്ത് കൃത്യമായ കണക്കുകൂട്ടലും അടുക്കും ചിട്ടയും കഠിനാധ്വാനവും ഉണ്ടെങ്കിൽ കാർഷിക-മൃഗസംരക്ഷണ മേഖലയിലും വലിയ നേട്ടങ്ങൾ കൊയ്യാമെന്ന് ഈ യുവാവ് തെളിയിക്കുന്നു.

Summary

Shailesh Krishnan, a 30-year-old youth from Periyattadakkam in Kasaragod, has set a remarkable model in livestock farming by quitting his CA aspirations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com