'അന്ന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു; ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം ഉപേക്ഷിക്കില്ല'

താമരശ്ശേരി ചുരത്തിന് ബദൽ പാത യാഥാർത്ഥ്യമാക്കും
wayanad Tunnel work
വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയൊരുക്കുന്ന തുരങ്കപാതFacebook
Edited By:
Updated on: 
2 min read

തിരുവനന്തപുരം: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്ത ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിർമ്മാണം പൂർണ്ണമായി നിർത്തിവെക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും, എന്നാൽ തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവന് ഭീഷണിയാകാത്ത വിധത്തിൽ സുരക്ഷിതമായി മാത്രമേ തുടർപ്രവർത്തനങ്ങൾ അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചു. തിരുവമ്പാടി എംഎൽഎ സി.കെ. കാസിം ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വാഹനങ്ങളുടെ ബാഹുല്യം കാരണം നിലവിലെ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും കാസിം സഭയിൽ ചൂണ്ടിക്കാട്ടി. ജൂലൈയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

തുരങ്കപാത പദ്ധതി നടപ്പാക്കുന്നതിന് മുൻപായി കൃത്യമായ പരിസ്ഥിതി ആഘാത പഠനം വേണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ പദ്ധതിക്ക് ഒരിക്കലും എതിരായിരുന്നില്ല. അതീവ പരിസ്ഥിതിലോലമായ ഭൂപ്രകൃതിയും ദുർബലമായ മണ്ണുമുള്ള പ്രദേശമാണിത്. കനത്ത മഴ പെയ്യുമ്പോൾ അവിടെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വലിയ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് ശാസ്ത്രീയ പഠനം ആവശ്യപ്പെട്ടത്. നിർഭാഗ്യവശാൽ അന്ന് എല്ലാവരും തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2025 ഓഗസ്റ്റിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, 2026 ജൂലൈ 7-ന് കള്ളാടി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇതേത്തുടർന്നാണ് സർക്കാർ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെപ്പിച്ചത്. ഒരു ദുരന്തം സംഭവിച്ചിട്ടും മുൻകരുതലുകൾ എടുക്കാതെ വീണ്ടും നിർമ്മാണം തുടരാൻ അനുവദിച്ചാൽ ഭാവിയിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും സർക്കാരിന് സമാധാനം പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊങ്കൺ റെയിൽവേയെ പദ്ധതി ചുമതല ഏൽപ്പിച്ചപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൂപ്പർവൈസിംഗ് ഏജൻസി പോലുമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിനെപ്പോലും നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മണ്ണിടിച്ചിൽ സാധ്യത, ചരിവുകളുടെ സ്ഥിരത, ഭൂഗർഭജലത്തിന്റെ സ്വാധീനം, കനത്ത മഴയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്താൻ പ്രത്യേക വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുള്ള അനുമതിയിലെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ നിർമ്മാണം നടത്താനാവൂ. കൊങ്കൺ റെയിൽവേയിൽ നിന്നും ഉപകരാറുകാരിൽ നിന്നും ആവശ്യപ്പെട്ട നിർണായക രേഖകളും വിവരങ്ങളും കൃത്യസമയത്ത് ലഭിക്കാതിരുന്നതാണ് സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകാൻ കാരണമായത്. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി ഉറപ്പുവരുത്തി തുരങ്കപാതയുടെ ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കാൻ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Summary

Addressing the State Legislative Assembly on Tuesday, Chief Minister V.D. Satheesan affirmed that the government is fully committed to executing the Anakkampoyil–Meppadi tunnel road project connecting Wayanad and Kozhikode districts, dismissing rumors that the initiative was being abandoned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com