

കോഴിക്കോട്: ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ എഴുപതുകാരി ശോഭയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ശോഭയുടെ പേരിൽ വിറ്റ ഭൂമിയുടെ തുകയായ 50 ലക്ഷം രൂപ ശോഭയുടെയും മൂന്ന് മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ എം.സി ബിജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വലതുപാദത്തിൽ മുറിവുവെച്ച് പുഴുവരിച്ച നിലയിൽ കഴിഞ്ഞ ഒക്ടോബർ 12-നാണ് കൊയിലാണ്ടി ആനക്കുളം സ്വദേശിനിയായ ശോഭയെ മകൻ ശ്രീജിത്ത് കോഴിക്കോട് പിവിഎസ്. സൺറൈസ് ആശുപത്രിയിലാക്കുന്നത്. ഒക്ടോബർ 24-ന് ഡിസ്ചാർജ് നിർദേശിച്ചെങ്കിലും മക്കളോ മാനേജരോ ഇവരെ കൊണ്ടുപോകാൻ തയ്യാറായില്ല. തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും ടൗൺ പൊലീസിനും പരാതി നൽകുകയായിരുന്നു. കളക്ടറേറ്റ്, സാമൂഹികനീതി വകുപ്പ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് നവംബർ മൂന്നിനാണ് മകനും മാനേജരും ചേർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മാനേജർ എന്ന് വിളിക്കുന്ന സുരേഷ് ബാബു ശോഭയുടെ പേരിലുള്ള ഭൂമി വിറ്റതായും ഈ തുക കൈമാറിയിട്ടില്ലെന്നും അതോറിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടത്. തിങ്കളാഴ്ച നടന്ന ഹിയറിങ്ങിൽ മക്കളായ ശ്രീജിത്ത്, സ്വപ്ന, മാനേജർ സുരേഷ് ബാബു, ചേമഞ്ചേരി വില്ലേജ് ഓഫീസർ, ചേവായൂർ, ടൗൺ പൊലീസ് എസ്.എച്ച്.ഒ.മാർ എന്നിവർ ഹാജരായി. വിദേശത്തുള്ള മകൻ രഞ്ജിത്ത് വിഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. ശോഭ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates