

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച നടന്ന രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇത്രയും വലിയ അളവിലുള്ള സ്വർണ്ണം പിടികൂടിയത്.
പുലർച്ചെ ഒന്നരയോടെയാണ് ആദ്യത്തെ സംഭവം. ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് താൻ ധരിച്ചിരുന്ന ജീൻസിൽ സ്വർണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ചത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അൽ അമീനിൽ നിന്ന് സ്വർണ്ണം സ്വീകരിക്കാൻ പുറത്ത് കാത്തുനിന്ന നാദാപുരം സ്വദേശികളായ ഹാരിസ് എം. (36), ഹാരിസ് പി.ടി. (38) എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അൽ അമീൻ ധരിച്ചുവന്ന ജീൻസിന് 1455 ഗ്രാം തൂക്കമുണ്ടായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണച്ചിന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുമെന്നാണ് അനുമാനിക്കുന്നത്.
റാസൽഖൈമയിൽ നിന്നും എത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനാണ് സ്വർണ്ണക്കടത്തിന് പിടിയിലായ രണ്ടാമത്തെ യാത്രക്കാരൻ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ സ്വർണ്ണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സൂളുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 790.5 ഗ്രാം തൂക്കം വരുന്ന ഈ സ്വർണ്ണമിശ്രിതത്തിന് ഒരു കോടി രൂപയ്ക്ക് മുകളിൽ മൂല്യം കണക്കാക്കുന്നു.കരിപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്വർണ്ണം പിടികൂടുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. തുടർനടപടികൾക്കായി പിടിച്ചെടുത്ത സ്വർണ്ണവും മറ്റ് വസ്തുക്കളും പ്രിവന്റീവ് കസ്റ്റംസിന് കൈമാറി. കേസിന്റെ തുടരന്വേഷണം കസ്റ്റംസ് വകുപ്പാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates