

കോഴിക്കോട്: പോസ്റ്റൽ ഡയറക്ടറേറ്റിന്റെ പുനഃസംഘടന ഉത്തരവുകളെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വടകര, കൊയിലാണ്ടി, മാഹെ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണ-നഗര പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഭരണസമിതികളും രംഗത്തെത്തിയിട്ടുണ്ട്.
പെൻഷൻ തുക കൈപ്പറ്റുന്ന വയോജനങ്ങൾക്കും മണിഓർഡറുകൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്കും സ്കോളർഷിപ്പ് വിവരങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായിരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകളാണ് അടിയന്തര പുനഃസംഘടനയുടെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുന്നത്. വടകര നഗരസഭയിലെ പുത്തൂർ, മേപ്പയിൽ, നടക്കുതാഴ തുടങ്ങിയ ഓഫീസുകൾ പൂട്ടുന്നതിനെതിരെ സിപിഎം കുറ്റിക്കക്കത്ത് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ ഉൾപ്പെടെയുള്ള സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ഗൗരവമായി ചർച്ച ചെയ്തു. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള മേലൂർ, കുരുവങ്ങാട്, പെരുവട്ടൂർ, നാടേരി എന്നീ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും, മാഹെ യൂണിയൻ പ്രദേശത്തെ പല്ലൂർ, നലുതറ, പന്തക്കൽ തുടങ്ങിയ ഓഫീസുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ചൂണ്ടിക്കാണിച്ചു. പുതിയ വയനാട് പോസ്റ്റൽ ഡിവിഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി ഡിവിഷൻ പിരിച്ചുവിടാനും ചില സബ് ഓഫീസുകൾ വടകര ഡിവിഷനുമായി ലയിപ്പിക്കാനുമാണ് നീക്കം.
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ കോഴിക്കോടേക്ക് മാറ്റാനും, ഹെഡ് പോസ്റ്റ് ഓഫീസിനെ സബ് ഓഫീസായി തരംതാഴ്ത്താനും സാധ്യതയുണ്ട്. ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും വയോജനങ്ങൾക്കും എതിരെയുള്ള അനീതിയാണിതെന്ന് കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ യുകെ. ചന്ദ്രൻ കുറ്റപ്പെടുത്തി . പോസ്റ്റ് ഓഫീസുകൾ പൂട്ടുന്നതിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റ്മാസ്റ്റർ ജനറലിനെ നേരിട്ട് കണ്ട് എതിർപ്പ് അറിയിക്കുമെന്ന് കെകെ രമ എംഎൽഎ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates