

കോഴിക്കോട്: അയൽവാസികൾ തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന അതിർത്തി തർക്കവും മാലിന്യ പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് വെള്ളയിലിൽ വീട്ടമ്മയ്ക്ക് നേരെ അയൽവാസിയുടെ എയർഗൺ ആക്രമണം. ചെട്ടിത്തോപ്പ് പറമ്പ് സ്വദേശി പുഷ്പലത (59) എന്ന സ്ത്രീക്കാണ് വെടിയേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ (40) വെള്ളയിൽ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
ഷിംജിത്തും പുഷ്പലതയും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കവും മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഷിംജിത്ത് തന്റെ വീടിന് മുന്നിലായി, പുഷ്പലതയുടെ വസ്തുവിന്റെ അതിർത്തിയോട് ചേർന്ന് രണ്ട് കുതിരകളെ വളർത്തുന്നതിനായി കുതിരാലയം നിർമ്മിച്ചിരുന്നു. ഇതിനെച്ചൊല്ലിയും പരിസരത്ത് മാലിന്യം തള്ളുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ ഷിംജിത്തിന്റെ നിരന്തര ശല്യത്തിനെതിരെ പുഷ്പലത പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നൽകി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ രാവിലെ പത്ത് മണിയോടെ അതിർത്തിയിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാക്കുതർക്കം ഉടലെടുത്തു. വാക്കേറ്റം അതിരുവിട്ടതോടെ ഷിംജിത്ത് കയ്യിലുണ്ടായിരുന്ന എയർഗൺ എടുത്ത് പുഷ്പലതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.
ഇതിൽ രണ്ട് പെല്ലറ്റുകൾ പുഷ്പലതയുടെ അടിവയറ്റിൽ ആഴത്തിൽ തറച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പലതയെ ഉടൻ തന്നെ ജനറൽ (ബീച്ച്) ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിവയറ്റിൽ ആഴത്തിലുള്ള മുറിവുകളേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് ഷിംജിത്തിനെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates