മാലിന്യക്കൂമ്പാരം മാറി പച്ചപ്പണിഞ്ഞ് പാതയോരം; രണ്ട് കിലോമീറ്റർ ദൂരം ഹരിത ഇടനാഴിയാക്കി മാവൂരിന്റെ വേറിട്ട മാതൃക

പുതുതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിൽ പ്രചോദനമാകുക എന്ന ലക്ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ട്
Mavoor village turns dumping spot into green corridor
Mavoor village turns dumping spot into green corridorAI Generated|Gemini
Edited By:
Updated on: 
1 min read

കോഴിക്കോട്: പൊതുനിരത്തുകളിലെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ വേറിട്ട പ്രതിരോധം തീർത്ത് മാതൃകയാവുകയാണ് കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്ത്. വർഷങ്ങളായി മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരുന്ന മാവൂർ-കണ്ണിപ്പറമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് കിലോമീറ്റർ ദൂരം മനോഹരമായ ഹരിത ഇടനാഴിയാക്കി മാറ്റിയിരിക്കുകയാണ് മാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതി.

മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മാവൂർ ഗവൺമെന്റ് യു.പി. സ്കൂൾ, ചാത്തമംഗലം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും നിത്യേന ആശ്രയിക്കുന്ന തിരക്കേറിയ പാതയാണിത്. റോഡിനോട് ചേർന്നുള്ള വയലുകളുടെ അതിരുകളിൽ കാടുപിടിച്ചു കിടന്നിരുന്ന ഭാഗങ്ങൾ സാമൂഹികവിരുദ്ധർ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റുകയായിരുന്നു. ഇത് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധത്തിനും യാത്രക്കാർക്ക് വലിയ ദുരിതത്തിനും കാരണമായിരുന്നു.

കാടുവെട്ടിത്തെളിച്ച് ചെടികൾ നട്ടുപിടിപ്പിച്ചു; മാലിന്യനിക്ഷേപം പൂർണ്ണമായും നിലച്ചു

പാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയ ശേഷമാണ് ചെടികൾ വെച്ചുപിടിപ്പിച്ച് സൗന്ദര്യവൽക്കരണം നടത്തിയതെന്ന് വാർഡ് അംഗം കെ. ഉസ്മാൻ പറഞ്ഞു. "നേരത്തെ വയലിനോട് ചേർന്നുള്ള ഈ ഭാഗം കാടുപിടിച്ച് കിടന്നതിനാൽ ആളുകൾ എളുപ്പത്തിൽ മാലിന്യം തള്ളുന്ന ഇടമായിരുന്നു. ഞങ്ങൾ അത് പൂർണ്ണമായും വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചതോടെ ഇപ്പോൾ ആരും അവിടെ മാലിന്യം തള്ളുന്നില്ല. വിദ്യാർത്ഥികൾ സ്ഥിരമായി നടന്നുപോകുന്ന വഴിയായതിനാൽ, പുതുതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിൽ പ്രചോദനമാകുക എന്ന ലക്ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ട്," അദ്ദേഹം വ്യക്തമാക്കി.

വിബിജി രാം ഗ്രാമീൺ പദ്ധതിക്ക് കീഴിൽ എട്ടാം വാർഡ് വികസന സമിതിയുടെയും പ്രദേശവാസികളുടെയും സജീവ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ദീർഘകാലം നിലനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ അലങ്കാരച്ചെടികൾക്കും തൈകൾക്കുമാണ് പാതയോരത്ത് മുൻഗണന നൽകിയിരിക്കുന്നത്. പ്രദേശവാസികളുടെ കൂട്ടായ്മയിലൂടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ട മാവൂരിന്റെ ഈ മാതൃക മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്.

Summary

In an inspiring civic initiative in Kozhikode, the 8th Ward Development Committee of Mavoor Grama Panchayat, supported by local residents under the VB-G RAM Grameen scheme, has transformed a two-kilometre stretch of chronic garbage dumping spots along the busy Mavoor-Kanniparamba Road into a clean, landscaped green corridor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER