സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം; കോഴിക്കോട് രണ്ടിടങ്ങളിലായി നിർത്തിയിട്ട രണ്ട് സ്വകാര്യ ബസുകൾ അടിച്ചുതകർത്തു

സർവീസ് അവസാനിപ്പിച്ച ശേഷം മുക്കം ടൗണിലും പെരുമണ്ണയിലുമായി നിർത്തിയിട്ടിരുന്ന ബസുകളുടെ മുൻവശത്തെ ചില്ലുകളും ജനാലകളും പുലർച്ചെ 1.30-നും 2.45-നും ഇടയിലാണ് തകർത്തത്.
vandalised private bus in perumanna0
vandalised private bus in perumanna0
Edited By:
Updated on: 
1 min read

കോഴിക്കോട്: സർവീസ് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കോഴിക്കോട് ഒരേ ഉടമയുടെ രണ്ട് സ്വകാര്യ ബസുകൾ അടിച്ചുതകർത്തു. ശനിയാഴ്ച പുലർച്ചെ രണ്ടിടങ്ങളിലായിട്ടായിരുന്നു ആക്രമണം. മാവൂർ-കോഴിക്കോട്, മുക്കം-കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഉത്രാടം ഗ്രൂപ്പിന്റെ 'സ്വരരാഗം', 'മഞ്ജു' എന്നീ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർവീസ് അവസാനിപ്പിച്ച ശേഷം മുക്കം ടൗണിലും പെരുമണ്ണയിലുമായി നിർത്തിയിട്ടിരുന്ന ബസുകളുടെ മുൻവശത്തെ ചില്ലുകളും ജനാലകളും പുലർച്ചെ 1.30-നും 2.45-നും ഇടയിലാണ് തകർത്തത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിർത്തിയിട്ടിരുന്ന ബസുകൾ തകർത്തതെന്ന് ഉത്രാടം ഗ്രൂപ്പ് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ബസ് ഉടമ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസം മുൻപ് മറ്റൊരു ബസിലെ ജീവനക്കാരുമായി സമയക്രമത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് ആരോപണം. ഈ തർക്കത്തിന് പിന്നാലെ പാളയത്ത് നിർത്തിയിട്ടിരുന്ന 'സ്വരരാഗം' ബസിന്റെ താക്കോൽ മുക്കം മേഖലയിലെ നിരവധി ബസുകളുടെ നടത്തിപ്പുകാരനായ ഒരാൾ ഊരിക്കൊണ്ടുപോവുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെ അധികൃതർ ഇടപെടുകയും ഇയാൾക്ക് 7,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ പിഴ ഈടാക്കിയതിലുള്ള വൈരാഗ്യമാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഉത്രാടം ഗ്രൂപ്പ് സംശയിക്കുന്നു.

റൂട്ട് സമയക്രമത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളും വാക്കുതർക്കങ്ങളും അമിതവേഗത്തിലുള്ള മത്സരയോട്ടവും ജില്ലയിൽ പതിവായിരിക്കുകയാണ്. ഇത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. നിലവിൽ കോഴിക്കോട് നഗരപരിധിയിൽ ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ മൂന്ന് മിനിറ്റും, നഗരത്തിന് പുറത്ത് രണ്ടര മിനിറ്റുമാണ് സ്വകാര്യ ബസുകൾക്ക് അനുവദിച്ചിട്ടുള്ള സമയം. എന്നാൽ ഗതാഗതക്കുരുക്കും ട്രാഫിക് സിഗ്നലുകളും കാരണം ഈ സമയക്രമം പാലിക്കാൻ കഴിയാറില്ലെന്നും ഇത് അപകടങ്ങൾക്കും അമിതവേഗത്തിനും കാരണമാകുന്നുവെന്നും ബസ് ഉടമകൾ പറയുന്നു.

തുടർച്ചയായുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ച് ബസുകളുടെ സമയം പരിഷ്കരിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) ആരംഭിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക്, സിഗ്നലുകളിലെ കാത്തുനിൽപ്പ് സമയം, സ്റ്റോപ്പുകൾ, ഓരോ റൂട്ടിലും സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം എന്നിവ കണക്കിലെടുത്തായിരിക്കും പുതിയ സമയക്രമം നിശ്ചയിക്കുക. തിരക്കേറിയ റൂട്ടുകളിലെ ബസുകൾ വഴിതിരിച്ചുവിടുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിവരികയാണ്. ജില്ലാതലത്തിലും സമാനമായ കൂടിയാലോചനകൾ പുരോഗമിക്കുന്നുണ്ട്.

Summary

Two private buses belonging to the Uthradam Group were vandalised in separate early-morning attacks at Mukkam and Perumanna in Kozhikode on Saturday, allegedly in retaliation over a recent route timing dispute and a subsequent police fine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER