കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാക്കിലും ഫീൽഡിലും സുവർണ്ണ നേട്ടങ്ങൾ ലക്ഷ്യമിട്ട് യുഎഇയിലെ കേരള സിലബസ് സ്കൂളുകളിൽനിന്നുള്ള 26 അംഗ വിദ്യാർത്ഥി കായിക സംഘം കോഴിക്കോട്ടെത്തി. ഞായറാഴ്ചയാണ് പ്രവാസി മലയാളി വിദ്യാർഥികളുടെ സംഘം മത്സരങ്ങൾക്കായി കേരളത്തിലെത്തിയത്.
ദുബായ് ഗൾഫ് മോഡൽ സ്കൂൾ, അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളാണ് ഇത്തവണ കേരളത്തിന്റെ കായിക മാമാങ്കത്തിൽ അണിനിരക്കുന്നത്. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് വിദ്യാർത്ഥികൾ മെഡൽ പ്രതീക്ഷകളോടെ എത്തിയിരിക്കുന്നത്.
കായികമേളയ്ക്കായി കുട്ടികൾ മാസങ്ങളായി കൃത്യമായ പരിശീലനത്തിലായിരുന്നുവെന്നും മികച്ച പ്രകടനത്തിലൂടെ മെഡലുകൾ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗൾഫ് മോഡൽ സ്കൂൾ കായികവിഭാഗം മേധാവി സുമേഷ് കുമാർ വ്യക്തമാക്കി. പ്രവാസലോകത്ത് പഠിച്ചു വളരുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലെ കായിക താരങ്ങളോടൊപ്പം നേരിട്ട് മാറ്റുരയ്ക്കാനുള്ള സുവർണ്ണാവസരമാണ് സംസ്ഥാന സ്കൂൾ കായികമേള വഴി തുറന്നുകിട്ടിയിരിക്കുന്നത്.
2024-ലാണ് പ്രവാസി വിദ്യാർഥികൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായി ഔദ്യോഗികമായി അനുമതി നൽകിയത്. അന്നുമുതൽ തുടർച്ചയായി വലിയ ആവേശത്തോടെയാണ് യുഎഇയിലെ കേരള ബോർഡ് സ്കൂളുകൾ കായികമേളയെ വരവേൽക്കുന്നത്. പുതിയ തലമുറയിലെ പ്രവാസി കായികതാരങ്ങളുടെ പങ്കാളിത്തം മത്സരങ്ങളുടെ മാറ്റുകൂട്ടുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates