

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരൻ ഒടുവിൽ പിടിയിൽ. വയനാട് സ്വദേശിയായ ഷിൻഡോ ശിബുവിനെയാണ് മറ്റൊരു കേസിൽ കണ്ണൂർ സിറ്റി പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. അധ്യാപകരും ഡെലിവറി ഏജന്റുമാരും ഉൾപ്പെട്ട വൻ ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയാണ് ഇയാൾ.
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വ്യാജപേരിലാണ് വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്നത്. പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി മരിച്ചുപോയ ഒരാളുടെ തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറുമാണ് ഇയാൾ ലഹരി ശൃംഖല പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ജൂൺ 28-ന് വടകരയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിലായതിനെത്തുടർന്നാണ് ലഹരി സംഘത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധ്യാപികമാർ ഉൾപ്പെടെയുള്ള നിരവധി പേർ അറസ്റ്റിലായിരുന്നു. മലബാർ മേഖലയിലുടനീളം സിന്തറ്റിക് ലഹരിമരുന്ന് വിതരണം ചെയ്തത് ഈ സംഘമായിരുന്നു.
പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ലഹരി വിതരണ ശൃംഖലയെ ഏകോപിപ്പിച്ചതും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ഷിൻഡോ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയുടെ കുടുംബവും ഒളിവിൽ പോയത് അന്വേഷണത്തെ ബാധിച്ചിരുന്നു.
പ്രതിയെ റോഡ് മാർഗ്ഗം ആദ്യം കണ്ണൂരിലെത്തിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി.അറിയിച്ചു. തുടർന്ന് വടകര പൊലീസ് എംഡിഎംഎ കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ അറസ്റ്റോടെ കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates