തിരൂരങ്ങാടി: പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും സമ്പന്നമായ തിരൂരങ്ങാടി ചെറുമുക്ക് ആമ്പൽ പാടം തണ്ണീർത്തടങ്ങൾ പക്ഷികളുടെ പറുദീസയായി മാറുന്നു. ലോക ദേശാടന പക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്ര പക്ഷി സർവേയിൽ 78 ഇനം പക്ഷികളുടെ സാന്നിധ്യം കണ്ടെത്തി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് നേച്ചർ, മലപ്പുറം ബേഡേഴ്സ് എന്നിവരുടെ സജീവ സഹകരണത്തോടെയാണ് സർവേ സംഘടിപ്പിച്ചത്. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അമീൻ അഹ്സൻ സർവേ ഉദ്ഘാടനം ചെയ്തു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രാജീവ് പാമ്പലത്ത്, അജിത്, മുഹമ്മദ് റഫീഖ്, ബാബുരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിഷ്ണു, ശിവപ്രസാദ്, ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രവർത്തകരായ വി.പി ഖാദർ ഹാജി, കാമ്പ്ര ഹനീഫ ഹാജി, മുസ്തഫ ചെറുമുക്ക്, കെ.വി ലത്തീഫ്, പി.ടി അനസ്, പനക്കൽ ബഷീർ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ മരക്കാരുട്ടി, ഫ്രണ്ട്സ് ഓഫ് നേച്ചർ ജനറൽ സെക്രട്ടറി റഫീഖ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി. കബീറലി പക്ഷി നിരീക്ഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, അബ്ദുള്ള പറമ്പാട്ട്, നബീൽ പരപ്പനങ്ങാടി, ഫാത്തിമ സബീഹ, അഫ്നിദ തലപ്പാറ, ഫാത്തിമ സഹ്‌ല, അനാമിക പേരാമ്പ്ര, ആഷിക് നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഫീൽഡ് സർവേ പുരോഗമിച്ചത്.
ദേശാടന പക്ഷികളായ വലിയ വേലിത്തത്ത, ചെമ്പൻ അരിവാൾ കൊക്കൻ, വാലൻ താമരക്കോഴി, വെള്ളക്കൊക്കൻ കുളക്കോഴി എന്നിവയുടെയും തദ്ദേശീയ നീർപക്ഷികളായ ചേരാകൊക്കൻ, നീലക്കോഴി എന്നിവയുടെയും എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുൻപ് ഇരതേടൽ കേന്ദ്രങ്ങളായി മാത്രം ചെറുമുക്ക് ആമ്പൽ പാടം - വെഞ്ചാലി തണ്ണീർത്തടങ്ങളെ ആശ്രയിച്ചിരുന്ന വാലൻ താമരക്കോഴികൾ ഈയടുത്ത വർഷങ്ങളിലായി ഇവയെ ചേക്കേറൽ കേന്ദ്രങ്ങളായും പ്രധാന പ്രജനന കേന്ദ്രങ്ങളായും ഉപയോഗിക്കുന്നതായി സർവേയിൽ വ്യക്തമായി. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ തുടർച്ചയായി നടത്തിവരുന്ന നിരീക്ഷണങ്ങളിൽ കേരളത്തിൽ അതീവ അപൂർവ്വമായി മാത്രം ദൃശ്യമാകുന്ന ചാരത്തലയൻ തിത്തിരിയെയും, കഴിഞ്ഞ മാസം വലിയ ചൂളൻ എരണ്ടയെയും ഇവിടെ കണ്ടെത്തിയിരുന്നു.