ഉമ്മർ ഫൈസി മുക്കത്തിനെതിരായ സൈബർ അധിക്ഷേപം അവസാനിപ്പിക്കണം: സിപിഎം

'മതപണ്ഡിതന്മാർ ലീഗ് വേദികളിൽ മാത്രമേ പാടുള്ളൂ എന്ന തിട്ടൂരം അംഗീകരിക്കാനാവില്ല
Umar Faizi Mukkom
Umar Faizi Mukkom
Updated on
1 min read

മലപ്പുറം: സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ പങ്കെടുത്ത് നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സമസ്ത നേതാവും പ്രമുഖ മതപണ്ഡിതനുമായ ഉമ്മർ ഫൈസി മുക്കത്തിനെതിരെ നടക്കുന്ന വ്യാപകമായ സൈബർ അധിക്ഷേപങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

'വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിന്റെയും മുൻ യുഡിഎഫ് സർക്കാരിന്റെയും നിലപാടുകൾ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് ഉമ്മർ ഫൈസി മുക്കം ചൂണ്ടിക്കാട്ടിയത്. രണ്ട് അമുസ്ലിങ്ങളെ നിയമിക്കാതെ ഒഴിച്ചിട്ട എൽഡിഎഫ് സർക്കാരിന്റെ നിലപാടിനെ അദ്ദേഹം തുറന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡ.എഫ് സർക്കാർ സ്വീകരിച്ച നിലപാടുകൾ മുസ്ലിം സമുദായത്തിന് ഹിതകരമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും ചൊടിപ്പിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി.

മതപണ്ഡിതന്മാർ മുസ്ലിം ലീഗിന്റെ വേദികളിൽ മാത്രമേ പാടുള്ളൂ എന്ന തിട്ടൂരം ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിപിഎം, എൽഡിഎഫ് വേദികളിൽ പങ്കെടുക്കുന്നതും സ്വതന്ത്രമായി അഭിപ്രായങ്ങൾ തുറന്നുപറയുന്നതും വ്യക്തികളുടെ അവകാശമാണ്. പൊതുസമൂഹം അതീവ പ്രാധാന്യത്തോടെ ശ്രദ്ധിച്ച പരിപാടിയിലാണ് ഉമ്മർ ഫൈസി ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. ഇതാണ് എതിരാളികളെ വിറളി പിടിപ്പിച്ചത്. മതപണ്ഡിതന്മാർ മുൻപും ഇത്തരം പൊതുവേദികളിൽ പങ്കെടുത്ത ചരിത്രമുണ്ട്. സ്വതന്ത്രമായ നിലപാട് വ്യക്തമാക്കുന്നതിന്റെ പേരിൽ സമൂഹം ആദരിക്കുന്ന വ്യക്തിത്വങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാൻ ലീഗ്, കോൺഗ്രസ് നേതൃത്വങ്ങൾ അടിയന്തരമായി ഇടപെടണം. വിഷയത്തിൽ നൗഷാദലി എംഎൽഎ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഘപരിവാർ ഏജന്റായി മാറിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പ്രീതിപ്പെടുത്താനാണ് നൗഷാദലി ഇത്തരത്തിലുള്ള തരംതാണ പ്രതികരണങ്ങൾ നടത്തുന്നത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Summary

The CPI(M) Malappuram District Secretariat has strongly condemned the ongoing cyber abuse directed at prominent Islamic scholar Ummar Faizy Mukkam following his participation and remarks at a Waqf seminar organized by the party.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com